Headlines

മാലദ്വീപിന് 4850 കോടി രൂപയുടെ വായ്പാസഹായം അനുവദിച്ച് ഇന്ത്യ

മാലദ്വീപിന് 4850 കോടി രൂപയുടെ വായ്പാസഹായം അനുവദിച്ച് ഇന്ത്യ. ഉഭകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. മാലദ്വീപ് ഇന്ത്യയുടെ സഹയാത്രികന്‍ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് മാലദ്വീപിന്റെ ഗാര്‍ഡ് ഓഫ് ഓണറും നല്‍കി.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി മാലദ്വീപില്‍ എത്തിയത്. മാലെ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും മന്ത്രിമാരും നേരിട്ടെത്തി സ്വീകരിച്ചു.

ടൂറിസം വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കും. നാല് കരാറുകളും മൂന്ന് ഉടമ്പടികളിലും ഒപ്പുവച്ചു. മാലദീപ് സൈന്യത്തിന് 72 വാഹനങ്ങള്‍ ഇന്ത്യ നല്‍കും. മാലദ്വീപുമായി ഇന്ത്യയ്ക്കുള്ള ബന്ധം ചരിത്രത്തെക്കാള്‍ പഴക്കമുള്ളതും കടല്‍ പോലെ ആഴമുള്ളതും എന്ന് പ്രധാനമന്ത്രി പറഞ്ഞു.മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയ്ക്ക് നന്ദി പറഞ്ഞു. ഇന്ത്യ – മാലദ്വീപ് നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കി. നാളെ നടക്കുന്ന മാലദ്വീപിന്റെ 60 ആം സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായി പങ്കെടുക്കും.