ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മിന്ത്രയ്ക്കെതിരെ കേസെടുത്ത് ഇഡി. ഫെമ നിയമം പ്രകാരമാണ് കേസെടുത്തത്.1,654 കോടി രൂപയുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയ നിയമങ്ങൾ മിന്ത്ര ലംഘിച്ചുവെന്നാണ് ഇഡി കണ്ടെത്തൽ.
മൊത്തം വ്യാപാരത്തിനെന്ന് അവകാശപ്പെട്ട് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) സ്വീകരിക്കുകയും ഉപഭോക്താക്കളുമായി നേരിട്ടുള്ള വില്പന നടത്തുകയും ചെയ്‌തെന്നാണ് ആരോപണം. മിന്ത്രയുമായി ബന്ധമുള്ള വെക്ടര്‍ ഇ-കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് റീട്ടെയില്‍ വില്പന നടത്തിയതെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു.
ഒരേസമയം മൊത്തവ്യാപാര(ബിടുബി)വും ചില്ലറ വ്യാപാര(ബിടുസി)വും നടത്തി നിയമങ്ങള്‍ മറികടക്കാന്‍ ഈ സംവിധാനം ഉപയോഗിച്ചതായും ഇ.ഡി ആരോപിക്കുന്നു.2010ല്‍ പ്രാബല്യത്തിലായ എഫ്ഡിഐ ഭേദഗതി പ്രകാരം മൊത്ത വ്യാപാര വില്പനയുടെ 25 ശതമാനം മാത്രമെ അനുബന്ധ ഗ്രൂപ്പ് കമ്പനികള്‍ക്ക് നല്‍കാന്‍ കഴിയൂ. ഈ പരിധി മിന്ത്ര ലംഘിച്ചതായാണ് പ്രധാന ആരോപണം.