‘സതീഷ് എക്‌സ്ട്രീം സൈക്കോ, ജോലിക്ക് പോകുമ്പോള്‍ അവളെ പൂട്ടിയിടും, ഈ മാസം രക്ഷപ്പെട്ട് നാട്ടില്‍ വരുമെന്ന് അവള്‍ പറഞ്ഞിരുന്നു’; അതുല്യയുടെ സുഹൃത്തുക്കള്‍

ഷാര്‍ജയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ മരണത്തില്‍ സംശയങ്ങളുന്നയിച്ച് അതുല്യയുടെ സുഹൃത്തുക്കള്‍. അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും രക്ഷപ്പെട്ട് ഈ മാസം തന്നെ നാ്ട്ടിലേക്ക് വരുമെന്ന് പറഞ്ഞതായും സുഹൃത്തുക്കള്‍ പറഞ്ഞു. അതുല്യയെ ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നുവെന്നും സതീഷ് എക്‌സ്ട്രീം സൈക്കോയാണെന്നും അതുല്യയുടെ രണ്ട് സുഹൃത്തുക്കള്‍ വ്യക്തമാക്കി. ജോലിക്ക് പോകുമ്പോള്‍ സതീഷ് അതുല്യയെ പൂട്ടിയിട്ടിട്ടാണ് പോകുക. ആരോടും ഫോണില്‍ സംസാരിക്കാന്‍ അനുവാദമില്ല. അതുല്യയെ മദ്യപിച്ച ശേഷം വല്ലാതെ ഉപദ്രവിക്കുമായിരുന്നുവെന്നും സുഹൃത്തുക്കള്‍ കൂട്ടിച്ചേര്‍ത്തു.

ഒരു സ്ത്രീയും സഹിക്കാത്ത കാര്യങ്ങളാണ് അതുല്യയ്ക്ക് സഹിക്കേണ്ടി വന്നതെന്ന് സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. തനിക്ക് ജീവനൊടുക്കാന്‍ കഴിയില്ലെന്നും മകളെ ഓര്‍ത്ത് സഹിച്ച് ജീവിക്കുമെന്നും അതുല്യ ഫോണില്‍ പറഞ്ഞതായി സുഹൃത്ത് പറഞ്ഞു. ഭര്‍ത്താവ് അടുത്തില്ലെങ്കില്‍ മാത്രമേ അതുല്യയ്ക്ക് ഫോണെടുത്ത് തങ്ങളെ വിളിക്കാനാകൂ. സതീഷ് പാത്രം കൊണ്ട് തലയ്ക്കടിക്കാറുണ്ടെന്നും വയറില്‍ ചവിട്ടാറുണ്ടെന്നും അതുല്യ പറഞ്ഞതായും സുഹൃത്തുക്കള്‍ കൂട്ടിച്ചേര്‍ത്തു.

ദുബായിലുള്ള കെട്ടിട നിര്‍മാണ കമ്പനിയിലെ എഞ്ചിനിയറാണ് അതുല്യയുടെ ഭര്‍ത്താവ് സതീഷ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഭര്‍ത്താവുമായി വഴക്കുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് അതുല്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നരവര്‍ഷം മുന്‍പാണ് സതീഷ് അതുല്യയെ ഷാര്‍ജയില്‍ കൊണ്ടുവന്നത്. നേരത്തെ ഇവര്‍ ദുബായിലായിരുന്നു താമസിച്ചത്. ഷാര്‍ജ മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ക്കുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും. അതേസമയം അതുല്യയുടെ മരണത്തില്‍ മാതാവ് നല്‍കിയ പരാതിയില്‍ കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.