Headlines

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണം: മുന്‍ ഡീനും അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈകോടതി

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെഎസ് സിദ്ധാര്‍ഥന്റെ മരണത്തില്‍ മുന്‍ ഡീനും അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈകോടതി. സര്‍വകലാശാല നടപടി ചോദ്യം ചെയ്ത് മുന്‍ ഡീന്‍ നല്‍കിയ ഹര്‍ജി കോടതി തീര്‍പാക്കുകയായിരുന്നു. പ്രതികളായ വിദ്യാര്‍ഥികള്‍ക്കെതിരെയും ശക്തമായ അച്ചടക്ക നടപടി വേണമെന്ന് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഡി കെ സിംഗിന്റെ ബെഞ്ചാണ് ഹര്‍ജി തീര്‍പ്പാക്കിയത്.

ഇരുവരും നടപടികളുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് റാഗിങ്ങിന് കടുത്ത ശിക്ഷ നല്‍കുന്ന നിയമം സംസ്ഥാനം നടപ്പാക്കണമെന്നും കോടതി ഓര്‍മിപ്പിച്ചു. കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെയും സര്‍വകലാശാല നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി.

കേസില്‍ പ്രതികളായ 19 വിദ്യാര്‍ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കിയിട്ടുണ്ട്. 19 വിദ്യാര്‍ഥികള്‍ കുറ്റക്കാരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും വെറ്ററിനറി സര്‍വകലാശാല വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ഥികളെ പുറത്താക്കിയ നടപടി സര്‍വകലാശാല ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. ജെഎസ് സിദ്ധാര്‍ത്ഥന്റെ അമ്മ എംആര്‍ ഷീബ നല്‍കിയ ഹര്‍ജിയിലായിരുന്നു സര്‍വകലാശാലയുടെ മറുപടി. 19 പേര്‍ക്ക് മറ്റ് കാമ്പസുകളില്‍ പ്രവേശനം നല്‍കിയത് ചോദ്യം ചെയ്തായിരുന്നു എംആര്‍ ഷീബയുടെ ഹര്‍ജി. 18 വിദ്യാര്‍ഥികളെ നേരത്തെ മണ്ണൂത്തി കാമ്പസില്‍ പ്രവേശിപ്പിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. തുടര്‍ന്നാണ് എംആര്‍ ഷീബ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചതും 18 വിദ്യാര്‍ഥികളുടെ പ്രവേശന നടപടികള്‍ തടഞ്ഞതും. 2024 ഫെബ്രുവരി 18നാണ് ബിരുദ വിദ്യാര്‍ഥിയായ ജെഎസ് സിദ്ധാര്‍ത്ഥനെ സര്‍വകലാശാല ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.