സ്ലീപ്പര്‍ ബസുകളുടെ സ്വകാര്യ കുത്തക തകര്‍ക്കാന്‍ കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിക്ക് പുത്തന്‍ സ്ലീപ്പര്‍ ബസുകള്‍ ഉടന്‍ എത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ബാംഗ്ലൂരിലേക്ക് ഉള്‍പ്പെടെ ദീര്‍ഘദൂര സര്‍വീസുകളില്‍ സ്വകാര്യ ബസ്സുകളുടെ കുത്തക പൊളിക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
മുഖം മാറ്റത്തിന് ഒരുങ്ങുന്ന കെഎസ്ആര്‍ടിസിയുടെ നിര്‍ണായക ചുവട് വെയ്പ്പാണിത്. ബാംഗ്ലൂരിലേക്ക് അടക്കമുള്ള സ്ലീപ്പര്‍ ബസുകളുടെ സ്വകാര്യ കുത്തക പൊളിക്കാനുള്ള നീക്കം അന്തിമ ഘട്ടത്തിലാണെന്ന് മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസിക്ക് പുത്തന്‍ സ്ലീപ്പര്‍ ബസ്സുകള്‍ വരാന്‍ പോകുന്നു എന്ന് ഗതാഗത മന്ത്രി പറഞ്ഞു. ആദ്യ വണ്ടിയുടെ ഫൈനല്‍ ഇന്സ്പെക്ഷന് മാത്രമാണ് ഇനി ബാക്കി.
എട്ട് സ്ലീപ്പറുകള്‍, 8 സീറ്ററുകള്‍, 10 സ്ലീപ്പര്‍ കം സീറ്ററുകള്‍, 10 പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് പാസഞ്ചറുകള്‍ തുടങ്ങി എല്ലാ ക്ലാസുകളിലും പുതിയ വാഹനങ്ങള്‍ വരും.കര്‍ണാടക ,തമിഴ്നാട് ഗതാഗത വകുപ്പുകളുമായി സംസ്ഥാന സര്‍ക്കാര്‍ എഗ്രിമെന്റില്‍ എത്തി. തമിഴ്നാട്ടില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി 50 ബസ്സുകള്‍ക്ക് പെര്‍മിറ്റ് ലഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി അറിയിച്ചു. യാത്രാസമയം വേഗത്തിലാക്കുന്നതിന് ലിമിറ്റഡ് സ്റ്റോപ് പ്രീമിയം ഫാസ്റ്റ് പാസഞ്ചറുകള്‍ നിരത്തിലിറക്കും. കൂടുതല്‍ കെഎസ്ആര്‍ടിസിയുടെ ബസുകളില്‍ ഹൈബ്രിഡ് എസി നടപ്പിലാക്കുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.