Headlines

സമരപ്പന്തൽ പൊളിക്കണം, ഇല്ലെങ്കിൽ തുടർ നിയമനടപടി സ്വീകരിക്കും: എസ് വളർമതിക്ക് വീണ്ടും നോട്ടീസ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തൽ പൊളിക്കണമെന്നാവശ്യപ്പെട്ട് എൽപിഎസ്ടി സമരസമിതി കൺവീനർ എസ് വളർമതിക്ക് വീണ്ടും നോട്ടീസ്. കന്റോൺമെന്റ് പോലീസാണ് നോട്ടീസ് നൽകിയത്. പൊളിച്ചുനീക്കിയില്ലെങ്കിൽ തുടർ നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. സമരപ്പന്തൽ നീക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നേരത്തെയും നോട്ടീസ് നൽകിയിരുന്നു. ആ നോട്ടീസിന്റെ സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്.

24 മണിക്കൂറിനുള്ളിൽ മൈക്ക് സെറ്റ് അടക്കമുള്ളവ മാറ്റണമെന്നാണ് പൊലീസ് നിർദേശം. ഹൈക്കോടതി ഉത്തരവ് അടക്കം നോട്ടീസിൽ പരാമർശിക്കുന്നുണ്ട്. പൊതുജനങ്ങൾക്കും കാൽനടയാത്രക്കാർക്കും സഞ്ചരിക്കാൻ സാധിക്കാത്ത വിധത്തിൽ ഫുട്പാത്ത് കയ്യേറിയുള്ള സമരത്തിന്റെ ഭാഗമായാണ് അനധികൃത ഷെഡുകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചിരിക്കുന്നത് എന്നാണ് നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരുന്നത്. സമരപ്പന്തൽ പൊളിച്ചാലും സമരത്തെ പൊളിക്കാൻ ആകില്ല എന്ന നിലപാടിലാണ് ഉദ്യോഗാർത്ഥികൾ.
സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരം 127 ആം ദിവസവും തുടരുന്നു. സമരസമിതി നേതാവ് വളർമതിയുടെ നിരാഹാരസമരം പതിനഞ്ചാം ദിവസം പിന്നിട്ടു. ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചാൽ ചെറുക്കുമെന്ന് വളർമതി പറഞ്ഞു.