ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണക്ക് നാണംകെട്ട തോൽവി. ജർമൻ ടീമായ ബയേൺ മ്യൂണിക്കിനെതിരെ 8-2 എന്ന മാർജിനിലാണ് ബാഴ്സ പരാജയപ്പെട്ടത്. മത്സരത്തിന്റെ തുടക്കം മുതലെ ആക്രമിച്ച് കളിച്ച ബയേൺ ഒരു ഘട്ടത്തിൽ പോലും ബാഴ്സയെ നിലം തൊടാൻ അനുവദിച്ചില്ല
നാലാം മിനിറ്റിൽ തന്നെ തോമസ് മുള്ളർ ബയേണിന്റെ ഗോൾ വേട്ട തുടങ്ങിവെച്ചു. ഏഴാം മിനിറ്റിൽ ഡേവിഡ് അലാബയുടെ സെൽഫ് ഗോൾ ബയേണിനെ ചതിച്ചു. സ്കോർ ഒപ്പത്തിനൊപ്പം. 21ാം മിനിറ്റിൽ ഇവാൻ പെരിസിച്ച് ബയേണിന്റെ രണ്ടാം ഗോൾ നേടി. 27ാം മിനിറ്റിൽ സെർജ് നാബ്രിയിലൂടെ മൂന്നാം ഗോൾ
31ാം മിനിറ്റിൽ മുള്ളർ തന്റെ രണ്ടാം ഗോളും സ്വന്തമാക്കിയതോടെ ആദ്യ അരമണിക്കൂറിൽ തന്നെ ബയേൺ 4-1ന് മുന്നിലെത്തി. ഇതോടെ ബാഴ്സ തോൽവി ഉറപ്പിച്ച മട്ടായി.
രണ്ടാം പകുതി ഗ്രീസ്മാനെ കളത്തിലിറക്കി തിരിച്ചുവരവിന് ബാഴ്സ ശ്രമിച്ചു. 57ാം മിനിറ്റിൽ സുവാരസിലൂടെ ബാഴ്സ തങ്ങളുടെ രണ്ടാം ഗോൾ നേടി. അതോടെ അവരുടെ കളി തീർന്നു. 63ാം മിനിറ്റിൽ ജോഷ്വാ കിമ്മിച്ച് ബയേണിന്റെ അഞ്ചാം ഗോൾ കുറിച്ചു. 82ാം മിനിറ്റിൽ ലെവൻഡോസ്കി ആറാം ഗോൾ നേടി
ബാഴ്സയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ബയേണിലെത്തിയ കൂടീഞ്ഞോയുടെ വകയായിരുന്നു പിന്നീടുള്ളത്. 85, 89 മിനിറ്റുകളിൽ കുടീഞ്ഞോ ബയേണിന്റെ ഏഴും എട്ടും ഗോൾ നേടിയതോടെ ബാഴ്സ നാണക്കേടിന്റെ പടുകുഴിയിലേക്കും വീണു.