യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ബന്ധുക്കൾ മുഖ്യമന്ത്രിയെ കണ്ടു. രക്ഷപ്പെടുത്തുന്നതിനാവശ്യമായ നയപരമായ സഹായം തേടിയാണ് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും ആക്ഷൻ കൗൺസിൽ അംഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്
സർക്കാരിന്റെ ഭാഗത്ത് നിന്ന് ചെയ്യാൻ കഴിയുന്ന പരമാവധി സഹായം നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി പ്രേമകുമാരി പറഞ്ഞു. ഇതേ ആവശ്യവുമായി നിമിഷപ്രിയയുടെ അമ്മയും ആക്ഷൻ കൗൺസിൽ അംഗങ്ങളും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായും കൂടിക്കാഴ്ച നടത്തി
നേരത്തെ യെമൻ സുപ്രീം കോടതിയിൽ നിമിഷ പ്രിയക്ക് അപ്പീൽ നൽകാനുള്ള സഹായം നൽകുമെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷക്ക് വധശിക്ഷ വിധിച്ചത്. ഇത് അപ്പീൽ കോടതി ശരിവെക്കുകയും ചെയ്തിരുന്നു.