യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നിമിഷ പ്രിയക്ക് യെമനിൽ ഹർജി നൽകുന്നതിനുള്ള സഹായം നൽകുമെന്ന് കേന്ദ്രസർക്കാർ. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കളുമായി ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തുന്നതിന് ഇന്ത്യൻ സംഘത്തിന് യാത്രാനുമതി നൽകുമെന്നും കേന്ദ്രം അറിയിച്ചു
കഴിഞ്ഞ തിങ്കളാഴ്ചയാണ് നിമിഷപ്രിയക്ക് വിധിച്ച വധശിക്ഷ സനയിലെ അപ്പീൽ കോടതി ശരിവെച്ചത്. വിചാരണ കോടതി വിധിക്കെതിരെ എംബസിയുടെ സഹായത്തോടെയാണ് അപ്പീൽ നൽകിയിരുന്നത്. കേസിലെ വാദം കഴിഞ്ഞ ജനുവരിയിൽ പൂർത്തിയായിരുന്നു
2017 ജൂലൈ 25 നാണ് നിമിഷപ്രിയ യെമൻകാരനായ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടർ ടാങ്കിൽ ഒളിപ്പിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷ.