രക്ഷാപ്രവർത്തനത്തിന് യുദ്ധമില്ലാ മാനുഷിക ഇടനാഴി; റഷ്യ-യുക്രൈൻ ചർച്ചയിൽ ധാരണയായി
യുക്രൈനിലെ യുദ്ധരൂക്ഷിതമായ നഗരങ്ങളിൽ നിന്നും പൗരൻമാരെ ഒഴിപ്പിക്കാൻ പ്രത്യേക മേഖലകൾ നിശ്ചയിക്കാൻ റഷ്യ-യുക്രൈൻ ധാരണ. വെടിനിർത്തൽ ചർച്ച ചെയ്യാനായി ചേർന്ന റഷ്യ-യുക്രൈൻ പ്രതിനിധി സംഘങ്ങളാണ് യുദ്ധമില്ലാ മാനുഷിക ഇടനാഴികളായി ചില മേഖലകളെ മാറ്റാൻ തീരുമാനിച്ചത്
ഒഴിപ്പിക്കൽ, രക്ഷാപ്രവർത്തനങ്ങൾ എന്നിവക്കായി പ്രത്യേക മേഖലകളുണ്ടാകും. ഇവിടെ സൈനിക നടപടികൾ നിർത്തിവെക്കുകയോ ഒഴിവാക്കുകയോ ചെയ്യും. അതേസമയം ചർച്ചയിൽ ആഗ്രഹിച്ച ഫലമുണ്ടായില്ലെന്ന് യുക്രൈൻ പ്രതികരിച്ചു. ബെലറസിലെ അജ്ഞാത കേന്ദ്രത്തിൽ വെച്ചായിരുന്നു ചർച്ച നടന്നത്.
അതേസമയം സൈനിക നടപടി കൃത്യം പദ്ധതികൾക്കനുസരിച്ച് തന്നെയാണ് മുന്നോട്ടുപോകുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പറഞ്ഞു. യുദ്ധത്തിൽ കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ കുടുംബങ്ങൾക്ക് വൻ ധനസഹായവും പുടുൻ പ്രഖ്യാപിച്ചു. യുക്രൈനികളും റഷ്യക്കാരും അടിസ്ഥാനപരമായി ഒരേ ജനതയാണ്. ആ വിശ്വാസത്തിൽ നിന്ന് വ്യതിചലിക്കില്ലെന്നും പുടിൻ പറഞ്ഞു.