ഉക്രൈനിൽ റഷ്യ ക്ലസ്റ്റർ ബോംബ് ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ട്

 

ഉക്രൈൻ നഗരങ്ങളിൽ മാലപ്പടക്കം പൊട്ടുന്നത് പോലെ ചിതറി വീണ് പൊട്ടുന്ന ബോംബുകളുടെ ദൃശ്യമാണ് മാധ്യമങ്ങളിൽ എല്ലാം. വാക്വം ബോംബ് അടക്കം ഒന്ന് രണ്ട് ചെറുകിട ബോംബുകൾ മാത്രമാണ് റഷ്യ അവിടെ ഉപയോഗിക്കുന്നത്.

പരമാവധി സിവിലിയൻ കാഷ്വാലിറ്റി, അഥവാ ജനങ്ങൾ കൊല്ലപ്പെടുന്നത് ഒഴിവാക്കുകയായിരുന്നു പുടിന്റെ നയം. എന്നാൽ, രണ്ടു ദിവസമായി ഉക്രൈനിൽ ക്ലസ്റ്റർ ബോംബ് ഉപയോഗിക്കുന്നുണ്ടെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പശ്ചാത്യ രാജ്യങ്ങളുടെ കൂട്ടമായ ഉപരോധം പുടിനെ ക്രുദ്ധനാക്കിയെന്ന് വേണം അനുമാനിക്കാൻ.

മറ്റു ബോംബുകളെ അപേക്ഷിച്ച് വളരെ വിനാശകാരിയായ ഒന്നാണ് ക്ലസ്റ്റർ ബോംബ്. ഒരിക്കൽ ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ, യുദ്ധം കഴിഞ്ഞു വളരെക്കാലം പിന്നിട്ടാലും മരണങ്ങൾ നടക്കുമെന്നതാണ് ഇതിന്റെ സവിശേഷത. ഒരു മേഖല മുഴുവൻ ഒന്നടങ്കം നശിപ്പിക്കാനുള്ള ശക്തിയുണ്ട് ക്ലസ്റ്റർ ബോംബുകൾക്ക്. നൂറുകണക്കിന് ചെറു ബോംബുകൾ അടങ്ങിയ പേടകമാണ് യഥാർത്ഥത്തിൽ ഒരു ക്ലസ്റ്റർ ബോംബ്. കടയിൽ നിന്നും ആകാശത്തു നിന്നോ ക്ലസ്റ്റർ ബോംബ് വിക്ഷേപിക്കാം. ലക്ഷ്യസ്ഥാനത്തിന് വളരെ മുകളിൽ വച്ച് വിഭജിക്കപ്പെടുന്ന ഈ പേടകത്തിൽ നിന്നും, ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ വലിപ്പത്തിൽ ചെറിയ ചെറിയ ബോംബുകൾ (ബോംബ്ലറ്റ്) ചിതറി വീഴും. ഇതിൽ നല്ലൊരു ശതമാനവും പൊട്ടാതെ കിടക്കുകയും ചെയ്യും. പൊട്ടിത്തെറിക്കാതെ 40% ബോംബുകളും ബാക്കി വന്ന സംഭവങ്ങളുണ്ട്.

മരണം വഹിക്കുന്ന ഈ ബോംബുകൾ കാലാകാലത്തേയ്‌ക്ക് ഒരു ജനതയ്ക്ക് ഭീഷണിയാണ്. യുദ്ധം അവസാനിച്ചാലും, പിന്നീട് എപ്പോഴെങ്കിലും ആരെങ്കിലും അബദ്ധത്തിൽ ഈ ബോംബുകൾ തട്ടുകയും മുട്ടുകയും ചെയ്‌താൽ അത് പൊട്ടിത്തെറിക്കും. ഇങ്ങനെ കൊല്ലപ്പെടുന്നവരിലധികവും കുട്ടികളായിരിക്കും. വേദനിപ്പിക്കുന്ന ഒരു സംഭവം പറയാം, അഫ്ഗാനിസ്ഥാനിൽ കനത്ത ആക്രമണം നടത്തിയ അമേരിക്ക, ന്യൂക്ലിയർ ബോംബ് ഒഴികെ ഒരുമാതിരിപ്പെട്ട എല്ലാ ആയുധങ്ങളും അവിടെ പ്രയോഗിച്ചിട്ടുണ്ട്. ഏറ്റവുമധികം പ്രയോഗിച്ചത് ക്ലസ്റ്റർ ബോംബ് തന്നെയായിരുന്നു. എന്നാൽ, അപ്രതീക്ഷിതമായ ഒരു അപകടം കൂടി സംഭവിച്ചു. ഐക്യരാഷ്ട്ര സംഘടനയും മറ്റ് സന്നദ്ധ സംഘടനകളും യുദ്ധത്താൽ കഷ്ടപ്പെടുന്ന അഫ്ഗാൻ ജനതയ്ക്ക് വേണ്ടി വിമാനങ്ങളിൽ നിന്നും ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്യുമായിരുന്നു. നിർഭാഗ്യവശാൽ, ക്ലസ്റ്റർ ബോംബുകളും ഭക്ഷണ പാക്കറ്റുകളും മഞ്ഞ നിറത്തിലുള്ളവയിരുന്നു. ആഹാരമാണെന്ന് കരുതി ഓടിച്ചെന്ന് ബോംബുകൾ എടുത്ത കുട്ടികളടക്കം നിരവധി പേർ ഇപ്രകാരം കൊല്ലപ്പെട്ടു. അപ്രതീക്ഷിതമായ സ്‌ഫോടനങ്ങളും പിഞ്ചുകുട്ടികൾ ചിതറിത്തെറിക്കുന്നതും വൻ പ്രതിഷേധം വിളിച്ചുവരുത്തി. തുടർന്ന്, ഫുഡ് പാക്കറ്റുകളുടെ നിറം മാറ്റിയാണ് സംഘടനകൾ പ്രശ്നം പരിഹരിച്ചത്. 2008-ൽ, അന്താരാഷ്ട്ര നിയമ പ്രകാരം യുദ്ധത്തിൽ ക്ലസ്റ്റർ ബോംബുകൾ ഉപയോഗിക്കുന്നത് നിരോധിച്ചെങ്കിലും, പല പ്രമുഖ രാജ്യങ്ങളും ഈ കരാറിൽ ഒപ്പിടാൻ തയ്യാറായിട്ടില്ല.

വിയറ്റ്നാം യുദ്ധത്തിലും, അഗാനിസ്ഥാൻ യുദ്ധത്തിലുമെല്ലാം അമേരിക്കയും റഷ്യയും ഉപയോഗിച്ച ക്ലസ്റ്റർ ബോംബുകൾ ഇപ്പോഴും നിരവധി ശേഷിക്കുന്നുണ്ട്. റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് വെച്ച് കണക്കുകൂട്ടിയാൽ, കൂട്ടമായുള്ള ഉപരോധത്തിലും, ആയുധം ലഭിച്ച ഉക്രൈൻ ജനത ഒളിഞ്ഞിരുന്ന് തങ്ങളെ ആക്രമിക്കുന്നതിലും കലികയറിയ പുടിൻ, ക്ലസ്റ്റർ ഉപയോഗിക്കാൻ ഉത്തരവ് നൽകിയിട്ടുണ്ടാവണം. ഈയടുത്ത് നടന്ന നഗോർണോ-കാരബാക് യുദ്ധത്തിലും ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചിരുന്നു. വളർന്നു വരുന്ന തലമുറയ്ക്ക് ഭീഷണിയായി ഈ ബോംബുകൾ ഇനിയും ദശാബ്ദങ്ങളോളം ഇരയെയും കാത്ത് കിടക്കും.