യുക്രൈനിൽ ആക്രമണം ശക്തമാക്കി റഷ്യ; ബ്രോവറിയിൽ വ്യോമാക്രമണം ആരംഭിച്ചു, മേയർക്കും പരുക്ക്

 

ബെലാറസിൽ നടക്കുന്ന ആദ്യഘട്ട ചർച്ച തീരുമാനമാകാതെ പിരിഞ്ഞതോടെ യുക്രൈനിൽ ആക്രമണം ശക്തമാക്കി റഷ്യ. തലസ്ഥാന നഗരമായ കീവിനെ കേന്ദ്രീകരിച്ചാണ് ആക്രമണം നടക്കുന്നത്. കീവിനടുത്തുള്ള ബ്രോവറിയിൽ വ്യോമാക്രമണം നടന്നു. ബ്രോവറി മേയർക്കും പരുക്കേറ്റു. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകി.

ഖാർകീവിലും ഷെല്ലാക്രമണം രൂക്ഷമാണ്. ഇതിനിടെ ആദ്യഘട്ട സമാധാന ചർച്ച കൊണ്ട് പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി അറിയിച്ചു. രണ്ടാം ഘട്ട ചർച്ച വൈകാതെയുണ്ടാകും. അതേസമയം സ്‌നേക്ക് ഐലൻഡ് എന്ന യുദ്ധക്കപ്പലിലെ 13 യുക്രൈൻ സൈനികരും ജീവനോടെയുണ്ടെന്ന് യുക്രൈൻ അറിയിച്ചു. റഷ്യൻ സൈന്യത്തോട് കീഴടങ്ങില്ലെന്ന് അറിയിച്ച ഇവരെ റഷ്യൻ സേന കൊലപ്പെടുത്തിയെന്നായിരുന്നു നേരത്തെ മാധ്യമങ്ങൾ നൽകിയ വാർത്ത

യുക്രൈൻ നാവികസേനാ വിഭാഗമാണ് ഇവർ ജീവനോടെയുണ്ടെന്ന് അറിയിച്ചത്. എല്ലാവരും റഷ്യൻ സൈന്യത്തിന്റെ പിടിയിലാണ്. യുക്രൈനിൽ നിന്നുള്ള പലായനം തുടരുകയാണ്. ഇതിനോടകം അഞ്ചര ലക്ഷം പേർ പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭ പറയുന്നു. ഒന്നര ലക്ഷത്തിലധികം പേർ ഒറ്റപ്പെട്ടു. നാല് ദശകത്തിലധികം പേർ അഭയാർഥികളാകുമെന്നും ഐക്യരാഷ്ട്ര സഭ പറയുന്നു.