യുക്രൈന് സഹായവുമായി ഇന്ത്യ; മരുന്നും അവശ്യ വസ്തുക്കളും അയച്ചുനൽകും

 

യുദ്ധക്കെടുതിയിൽ വലയുന്ന യുക്രൈന് മരുന്ന് അടക്കമുള്ള സഹായങ്ങൾ നൽകാനൊരുങ്ങി ഇന്ത്യ. യുക്രൈന്റെ അഭ്യർഥന പ്രകാരമാണ് ഇന്ത്യ സഹായം നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഫേസ്ബുക്ക് വഴി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. യുക്രൈന് ഇന്ത്യയുടെ കൈത്താങ്ങ്, മരുന്നും അവശ്യ വസ്തുക്കളും അയക്കുമെന്നാണ് വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഇന്നലെ യുഎന്നിൽ നടന്ന യോഗത്തിൽ റഷ്യയുടെയും യുക്രൈന്റെയും സ്ഥാനപതിമാർ തമ്മിൽ വാക്കു തർക്കമുണ്ടായിരുന്നു. യുദ്ധം അവസാനിപ്പിക്കണമെന്ന് യു എൻ ആവർത്തിച്ച് ആവശ്യപ്പെട്ടു. ഇതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സമാധാന ശ്രമം ആരംഭിച്ചിട്ടുണ്ട്. റഷ്യൻ പ്രസിഡന്റ് പുടിനുമായി മാക്രോൺ സംസാരിച്ചു.

യുദ്ധം അവസാനിപ്പിക്കണമെങ്കിൽ യുക്രൈൻ ആയുധം താഴെ വെക്കണമെന്നും ക്രിമിയയിൽ റഷ്യയുടെ പരമാധികാരം അംഗീകരിക്കണമെന്നുമാണ് പുടിന്റെ നിബന്ധനകൾ.