റാസല്‍ഖൈമയിലെ മലമുകളില്‍നിന്ന് വീണ യുവാവിനെ രക്ഷപ്പെടുത്തി

 

റാസല്‍ഖൈമയിലെ ഷമാല്‍ മേഖലയിലെ മലമുകളില്‍നിന്ന് വീണ് പരിക്കേറ്റ യുവാവിനെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. സുഹൃത്തുക്കളോടൊപ്പമുള്ള ക്യാമ്പിങ് യാത്രയ്ക്കിടെ രക്ഷാപ്രവര്‍ത്തനം ദുശ്കരമായ ദുര്‍ഘടമായ പ്രദേശത്തേക്കാണ് 28 കാരനായ യുവാവ് വീണത്.

അപകടം നടന്ന ശേഷം വൈകുന്നേരം 6:43 ഓടെ ഓപ്പറേഷന്‍ റൂമിലേക്ക് അപകട സന്ദേശം ലഭിച്ച ശേഷമാണ് രക്ഷാ ദൗത്യം ആരംഭിച്ചതെന്ന് റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അബ്ദുല്ല അല്‍ സാബി അറിയിച്ചു. സംഭവസ്ഥലത്തേക്ക് ഉടന്‍തന്നെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ അയക്കുകയായിരുന്നു. എത്തിച്ചേരാന്‍പോലും പ്രയാസകരമായ ഷമാല്‍ പ്രദേശത്തെ പര്‍വതനിരകളിലാണ് യുവാവ് വീണിരുന്നത്. രക്ഷാപ്രവര്‍ത്തകര്‍ കാല്‍നടയായാണ് പ്രദേശത്തെത്തിയത്.

വീഴ്ചയില്‍ യുവാവിന്റെ തോളെല്ലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്ന് തന്നെ നല്‍കിയ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം രാത്രി 9:30 ഓടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പര്‍വതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ അവരുടെ സ്വയം രക്ഷയ്ക്കായി ദുര്‍ഘടവും ചെങ്കുത്തായതും എത്തിച്ചേരാന്‍ പ്രയാസമേറെയുമുള്ള സ്ഥലങ്ങള്‍ ഒഴിവാക്കണമെന്ന് ബ്രിഗേഡിയര്‍ അല്‍ സാബി അഭ്യര്‍ത്ഥിച്ചു. ഇത്തരം അപകടങ്ങളും അനിഷ്ട സംഭവങ്ങളും പരമാവധി ഒഴിവാക്കാനായി, സഞ്ചാരികള്‍ എല്ലാ മുന്‍കരുതല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കണക്കിലെടുക്കണമെന്നും അദ്ദേഹം ഉണര്‍ത്തി.