സർവസംഹാരിയായ സാർ ഹൈഡ്രജൻ ബോംബ് : റഷ്യയുടെ അതിശക്തനായ സംരക്ഷകൻ

 

ഉക്രൈനിൽ റഷ്യ അധിനിവേശം നടത്തിയ വിഷയം അന്താരാഷ്ട്ര തലത്തിൽ കത്തിനിൽക്കുന്ന അവസരമാണല്ലോ ഇപ്പോൾ. ലോകപോലീസ് എന്നറിയപ്പെടുന്ന അമേരിക്ക പോലും വാക്കുകൾ കൊണ്ട് ആക്രമിക്കുന്നതല്ലാതെ, റഷ്യയെ നേരിടാൻ മടിച്ചു നിൽക്കുകയാണ്. അതിന്റെ ഒരു പ്രധാന കാരണം, റഷ്യയുടെ ആയുധ ശക്തി തന്നെയാണ്. അക്കൂട്ടത്തിലെ രാജാവാണ് സാർ ചക്രവർത്തിയുടെ പേരിലറിയപ്പെടുന്ന ബോംബുകളുടെ ചക്രവർത്തിയായ സാർ ബോംബ്.

ഹൈഡ്രജൻ ബോംബുകൾ എന്നറിയപ്പെടുന്ന തെർമോന്യൂക്ലിയർ ബോംബുകളാണ് മനുഷ്യരാശി ഇന്നേവരെ നിർമിച്ചിട്ടുള്ള ഏറ്റവും ശക്തമായ വിസ്ഫോടന ഉപകരണങ്ങൾ. സാധാരണ ആണവ ശൃംഖലാ പ്രതിപ്രവർത്തനം കൊണ്ട് പ്രവർത്തിക്കുന്ന ഫിഷൻ ബോംബുകൾ ഒരു പരിധിയിൽ കൂടുതൽ വലുതാക്കാൻ പറ്റില്ല. പക്ഷേ, തെർമോന്യൂക്ലിയർ ബോംബുകളുടെ കാര്യം അങ്ങനെയല്ല. അവയെ എത്ര വേണമെങ്കിലും വലുതാക്കാം. വലിപ്പം ഒരുപാട് കൂടുതലായാൽ, ഭാരക്കൂടുതൽ നിമിത്തം കൈകാര്യം ചൈയ്യാൻ കഴിയാതെ വരുമെന്ന് മാത്രം.

നികിത ക്രൂഷ്ചേവ് സോവിയറ്റ് യൂണിയൻ നയിച്ചിരുന്ന കാലം. യുഎസ് -റഷ്യ എന്നീ വൻശക്തികൾ തമ്മിലുള്ള ബന്ധം ഏറ്റവും ഉലഞ്ഞ കാലമായിരുന്നു അത്. ശീതയുദ്ധം കൊടുമ്പിരിക്കൊണ്ട ആ സമയത്താണ് മനുഷ്യൻ ഇതുവരെ സൃഷ്ടിച്ച ബോംബുകളിൽ വച്ച് ഏറ്റവും ശക്തമായ ബോംബ് നിർമ്മാണം സംഭവിക്കുന്നത്.

സോവിയറ്റു വ്യോമാതിർത്തി ലംഘിച്ചു പറന്ന ഒരു അമേരിക്കൻ യു-2 ചാര വിമാനം സോവിയറ്റു യൂണിയൻ 1960-ൽ വെടി വച്ചിട്ടിരുന്നു. ആ സംഭവം നിരായുധീകരണ ചർച്ചകളുടെ സാധ്യതകളെല്ലാം അവസാനിപ്പിച്ചു. പരസ്പരമുള്ള വെല്ലുവിളികളിലേക്കും നിന്ദാവചനങ്ങളിലേക്കും നയതന്ത്ര ബന്ധങ്ങൾ കൂപ്പുകുത്തി. ആ സാഹചര്യത്തിലാണ്, സോവിയറ്റു യൂണിയനിൽ, ലോകം അന്നേ വരെ കണ്ടിട്ടില്ലാത്ത വിധ്വംസകശക്തിയുള്ള ഒരു ബോബിന്റെ നിർമാണത്തെപ്പറ്റിയുള്ള ആലോചനകൾ തുടങ്ങുന്നത് .