ആദ്യ പരമ്പരയിലെ സമ്പൂർണ വിജയം; രോഹിത് ശർമക്ക് അപൂർവ റെക്കോർഡ്, മറികടന്നത് കോലിയെ

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ സമ്പൂർണ വിജയം സ്വന്തമാക്കിയതോടെ രോഹിത് ശർമക്ക് തകർപ്പൻ റെക്കോർഡ്. നായകനായുള്ള 13 ഏകദിനങ്ങളിൽ 11 വിജയങ്ങളാണ് രോഹിതിന് സ്വന്തമായത്. 84.61 ആണ് രോഹിതിന്റെ വിജയശതമാം. ആദ്യ 13 മത്സരങ്ങളിൽ പത്തിലും വിജയിച്ച കോലിയുടെ റെക്കോർഡാണ് രോഹിത് മറികടന്നത്.

മൂന്നാം ഏകദിനത്തിൽ 96 റൺസിനാണ് ഇന്ത്യൻ വിജയം. ആദ്യ ഏകദിനം ആറ് വിക്കറ്റിനും രണ്ടാം ഏകദിനം 44 റൺസിനും ഇന്ത്യ വിജയിച്ചു. മുഴുവൻ സമയ നായകനായി അരങ്ങേറിയ ആദ്യ പരമ്പരയിൽ തന്നെ സമ്പൂർണ വിജയം നേടിയ ഇന്ത്യൻ നായകനെന്ന ഖ്യാതിയും രോഹിതിന് സ്വന്തമായി. അഞ്ച് വർഷത്തിന് ശേഷമാണ് ഇന്ത്യ ഏകദിന പരമ്പരയിൽ വൈറ്റ് വാഷ് വിജയം നേടുന്നത്. ഇനി ഇംഗ്ലണ്ടിനെതിരെ ജൂലൈ 12നാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര നടക്കാനുള്ളത്.

വിൻഡീസിനെതിരായ പരമ്പര പുതിയ താരങ്ങളുടെ ഉദയം കൂടിയായിരുന്നു. പ്രസിദ്ധ് കൃഷ്ണ ഇന്ത്യയുടെ പേസർമാരിൽ കസേര ഉറപ്പിച്ചു. പരമ്പരയുടെ താരമായി തെരഞ്ഞെടുത്തതും പ്രസിദ്ധിനെയായിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്നായി ഒമ്പത് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 27 ഓവറിൽ വിട്ടു കൊടുത്തത് വെറും 68 റൺസ് മാത്രമാണ്.