അമ്പലമുക്ക് കൊലപാതകം: രാജേന്ദ്രൻ കൊടും കുറ്റവാളി; മുമ്പ് നടത്തിയത് നാല് കൊലപാതകങ്ങൾ

 

തിരുവനന്തപുരം അമ്പലമുക്കിൽ അലങ്കാര ചെടിക്കട ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ പ്രതി അരുവായ് മൊഴി രാജേന്ദ്രൻ കൊടും കുറ്റവാളിയെന്ന് റിപ്പോർട്ട്. വിനീത ഇയാളുടെ അഞ്ചാമത്തെ ഇരയാണ്. ഇതിന് മുമ്പ് നാല് കൊലപാതകങ്ങൾ ഇയാൾ നടത്തിയിട്ടുണ്ട്. മോഷണത്തിന്റെ ഭാഗമായിട്ടായിരുന്നു കൊലപാതകങ്ങളെല്ലാം

2014ൽ ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും മകനെയുമാമ് കൊലപ്പെടുത്തിയത്. പിന്നാലെ മറ്റൊരാളെയും കൊന്നു. ഇന്നലെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.

വിനീതയിൽ നിന്ന് ഇയാൾ മോഷ്ടിച്ച നാലര പവന്റെ സ്വർണമാല കണ്ടെത്തി. കന്യാകുമാരി അഞ്ചുഗ്രാമത്തിലെ പണയസ്ഥാപനത്തിൽ നിന്നാണ് മാല കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് രാജേന്ദ്രൻ വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാല മോഷ്ടിച്ച് കടന്നത്.