വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെ കൈകാര്യം ചെയ്ത് നാട്ടുകാർ. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് നാടകീയ രംഗങ്ങളുണ്ടായത്.
പ്രതിയെ ചീത്ത വിളിച്ച് നാട്ടുകാർ പാഞ്ഞടുക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. കൂട്ടത്തിലൊരാൾ അർജുന്റെ കരണത്തടിക്കുകയും ചെയ്തു. പോലീസ് വളരെ പാടുപെട്ടാണ് ഇയാളെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയത്.
കഴിഞ്ഞ തവണ തെളിവെടുപ്പിന് എത്തിച്ചപ്പോഴും നാട്ടുകാർ അക്രമാസക്തരായിരുന്നു. ഇതിനാൽ കനത്ത ബന്തവസ്സിലാണ് പ്രതിയെ ഇന്ന് എത്തിച്ചത്. എന്നാൽ പോലീസ് വലയം ഭേദിച്ചും പ്രതിയെ കയ്യേറ്റം ചെയ്യുകയായിരുന്നു നാട്ടുകാർ.
കുട്ടിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ രീതി അർജുൻ പോലീസിന് മുന്നിൽ വിവരിച്ചു. കൊലപ്പെടുത്താനായി മറ്റാരുടെയെങ്കിലും സഹായം പ്രതിക്ക് ലഭിച്ചോ എന്നും അർജുൻ മറ്റ് പെൺകുട്ടികളെ ഇത്തരത്തിൽ പീഡനത്തിന് ഇരയാക്കിയോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.