പേരൂർക്കട കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാ ചിത്രം പുറത്തുവിട്ടു

 

തിരുവനന്തപുരം പേരൂർക്കടയിൽ യുവതിയുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇയാളുടെ രേഖാചിത്രവും പുറത്തുവിട്ടു. ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂർ ചാരുവിളക്കോണത്ത് വീട്ടിൽ വിനീത(38)യെ അമ്പലമുക്കിലെ കടയ്ക്കുള്ളിൽ കഴുത്തിന് കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ 11 മണിയോടെ കടയിലേക്ക് ഒരാൾ കയറി പോകുന്നതും 20 മിനിറ്റിന് ശേഷം ഇയാൾ തിരികെ പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. കടയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഇയാളുടെ കയ്യിൽ മുറിവേറ്റിരുന്നതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചു.

ഇയാൾ മടങ്ങിയതിന് ശേഷം കടയിലേക്ക് ആരും വന്നിട്ടില്ല. ഉച്ചയോടെയാണ് വിനീത കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നതും. ഇതിനാൽ വിനീതയെ കൊലപ്പെടുത്തിയത് ഇയാൾ തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്. ചെടി നഴ്‌സറി ഷോപ്പിലെ ജീവനക്കാരിയായിരുന്നു വിനീത. ഞായറാഴ്ച ഉച്ചയോടെ കടയുടെ ഇടതുവശത്തായി ചെടികൾക്കിടയിലാണ് വിനീതയെ മരിച്ച നിലയിൽ കാണുന്നത്.

വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലര പവന്റെ മാലയും കാണാതെ പോയിട്ടുണ്ടെന്നാണ് വീട്ടുകാർ പറയുന്നത്. ഞായർ അവധി ദിവസമാണെങ്കിലും വിനീത ചെടികൾ നനയ്ക്കുന്നതിനായി ഉച്ചവരെ കടയിലെത്താറുണ്ടായിരുന്നു. ഇത് നേരത്തെ അറിയുന്ന ആരെങ്കിലുമാകും കൃത്യം നടത്തിയതെന്നാണ് സംശയം.