മന്ത്രിസഭാ യോഗം ഇന്ന്: നിയമസഭ ബജറ്റ് സമ്മേളന തീയതി തീരുമാനിക്കും

 

നിയമസഭയുടെ ബജറ്റ് സമ്മേളന തീയതി ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. ഈ മാസം 18 മുതൽ ബജറ്റ് സമ്മേളനം ചേരാനാണ് ധാരണ. രണ്ട് ഘട്ടങ്ങളിലായി ബജറ്റ് സമ്മേളനം നടത്തും. ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുക. നന്ദിപ്രമേയ ചർച്ചക്ക് ശേഷം തത്കാലം പിരിയും. പിന്നീട് മാർച്ച് രണ്ടാം വാരം ബജറ്റിനായി ചേരാനാണ് ആലോചിക്കുന്നത്

ലോകായുക്ത ഓർഡിനൻസ് ഗവർണർ ഒപ്പിടാൻ വൈകിയതിനെ തുടർന്നാണ് നിയമസഭാ സമ്മേളന തീയതി നിശ്ചയിക്കുന്നത് അനിശ്ചിതത്വത്തിലായത്. ഓർഡിനൻസിൽ ഗവർണർ കഴിഞ്ഞ ദിവസം ഒപ്പിട്ടതോടെ ആ പ്രതിസന്ധി മാറി. മാർച്ച് ആദ്യ വാരം സിപിഎം സംസ്ഥാന സമ്മേളനം നടക്കുകയാണ്. ഇതോടെ ബജറ്റ് അവതരണം രണ്ടാം വാരത്തിലേക്ക് മാറ്റാൻ ഉദ്ദേശിക്കുന്നത്.