പെഗാസസ്: അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ വീണ്ടും ഹര്‍ജി

 

ഇസ്രായേലി ചാര സോഫ്റ്റ് വെയറായ പെഗാസസുമായി ഇന്ത്യ നടത്തിയ ഇടപാടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ വീണ്ടും ഹര്‍ജി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ  എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം നടത്തണമെന്നാണ് അഭിഭാഷകനായ എംഎല്‍ ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ അപേക്ഷിച്ചിരിക്കുന്നത്.

മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധ ഇടപാടുകള്‍ക്കായി കോടിക്കണക്കിന് ഡോളര്‍ ചിലവാക്കിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.2017ല്‍ 200 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തി ഇന്ത്യ പെഗാസസ് വാങ്ങിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നരേന്ദ്രമോദി ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇതില്‍ തീരുമാനമായതെന്നും പറയുന്നു.

വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മോദി സര്‍ക്കാര്‍ ചെയ്തത് രാജ്യദ്രോഹമാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

അതേസമയം വിഷയത്തില്‍ സുപ്രീംകോടതി ചുമതലപ്പെടുത്തിയ സമിതിയുടെ അന്വേഷണം പുരോഗമിക്കുകയാണെന്നും സമിതിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന മറുപടി.