ഇടുക്കി മൂന്നാർ ഗുണ്ടുമല എസ്‌റ്റേറ്റിൽ ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. കൊല്ലപ്പെട്ട സരൺ സോയിയുടെ സുഹൃത്തുക്കളായ ദബോയി ചന്ദ്യ, ഷാദേവ് ലോംഗ് എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. നാല് പേർ ചേർന്ന് ഒരു സ്ഥലത്ത് മദ്യപിച്ച ശേഷം ബൈക്കിൽ തിരികെ വരികയായിരുന്നു. സരണിന്റെ ബൈക്ക് ഓടിച്ചിരുന്നത് ഷാദേവായിരുന്നു. യാത്രക്കിടയിൽ ബൈക്ക് മറിയുകയും ഷാദേവും സരണും തമ്മിൽ ഇതേ ചൊല്ലി വഴക്കുണ്ടാകുകയും ചെയ്തു. പിന്നാലെ ഷാദേവ് സരണിനെ കൊലപ്പെടുത്തുകയായിരുന്നു.