റിപബ്ലിക് ദിന പ്ലോട്ട് വിവാദം: ഗുരുദേവനെ ഒഴിവാക്കിയ നടപടി അപലപനീയമെന്ന് വെള്ളാപ്പള്ളി

 

റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചദൃശ്യത്തിൽനിന്ന് ശ്രീനാരായണ ഗുരുദേവനെ ഒഴിവാക്കാൻ നിർദേശിച്ച പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

കേന്ദ്രത്തിന്റെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹവും സവർണ താൽപര്യം മുൻ നിർത്തിയുള്ളതുമാണ്. ഗുരുദേവന് പകരം ശ്രീശങ്കരന്റെ പ്രതിമ മതിയെന്ന് നിർദ്ദേശിച്ച പ്രതിരോധമന്ത്രാലത്തിന്റെ കീഴിൽ ഫ്ളോട്ടുകൾ വിലയിരുത്തിയ ജൂറിയുടെ നടപടി അത്യന്തം അപലപനീയവും കേന്ദ്രസർക്കാരിന് നാണക്കേടുമാണ്.

കൊടിയ ജാതി പീഡനങ്ങളിലും അനാചാരങ്ങളിലും നിന്ന് ഒരു ജനതയെ വിമുക്തമാക്കിയ രാജ്യത്തെ നവോത്ഥാന നായകരിൽ പ്രമുഖനായ ശ്രീനാരായണഗുരുവിനെ സാമൂഹ്യബോധമില്ലാത്ത ഈ ഉദ്യോഗസ്ഥർ അവഹേളിച്ചു. വർത്തമാനകാലഘട്ടത്തിൽ ഗുരുദേവന്റെയും ഗുരുദർശനത്തിന്റെയും പ്രസക്തി തിരിച്ചറിഞ്ഞ് പാർലമെന്റ് തന്നെ ഗുരുസന്ദേശങ്ങൾ പ്രചരിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമ്പോഴാണ് ജൂറിയുടെ നിഷേധാത്മകമായ നടപടിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.