ഏഴു വർഷം കൊണ്ട് ഇരുന്നൂറിലധികം മെഡിക്കൽ കോളേജുകൾ; പതിനഞ്ച് എയിംസുകൾ: തന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

 

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ഏഴു വർഷത്തിനിടെ ഉണ്ടായ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2014 ൽ രാജ്യത്ത് 387 മെഡിക്കൽ കോളേജുകളാണ് ഉണ്ടായിരുന്നതെന്നും, ഏഴ് വർഷത്തിനുള്ളിൽ അത് 596 ആയി വർദ്ധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. 11 മെഡിക്കൽ കോളേജുകൾ തമിഴ്‌നാടിന് സമ്മാനിച്ചു കൊണ്ട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2014ൽ രാജ്യത്ത് 82,000 മെഡിക്കൽ ബിരുദ-ബിരുദാനന്തര ബിരുദ സീറ്റുകളാണുണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ സീറ്റുകളുടെ എണ്ണം 1,48,000 ആയി വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് ഏഴ് എയിംസുകൾ ഉണ്ടായിരുന്നതിപ്പോൾ 22 എണ്ണമായി വളർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ, വിദ്യാഭ്യാസമേഖലയെ കൂടുതൽ സുതാര്യമാക്കാൻ നിരവധി നടപടികളാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.