തിരുവനന്തപുരം: അമേരിക്കയിൽ ചികിത്സയ്ക്കു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ചുമതല മറ്റാർക്കും കൈമാറില്ല. ഓണ്‍ലൈനായി ബുധനാഴ്ചകളിലെ പതിവു മന്ത്രിസഭാ യോഗം ചേരുമെന്നും ഇ-ഫയലിംഗ് വഴി അത്യാവശ്യ ഫയലുകളിൽ തീരുമാനമെടുക്കുമെന്നുമാണ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി നൽകിയ സൂചന.
അടുത്ത മന്ത്രിസഭായോഗം 19ന് ഓണ്‍ലൈനായി ചേരും. സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് അവിടെനിന്നാണു മുഖ്യമന്ത്രി ഓണ്‍ലൈൻ മന്ത്രിസഭായോഗത്തിൽ അധ്യക്ഷത വഹിച്ചത്.
മുഖ്യമന്ത്രി വിദേശത്തേക്കു പോകുന്നതിനു മുന്നോടിയായി ചേർന്ന ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ 38 വിഷയങ്ങളാണു പരിഗണിച്ചത്. ഈമാസം 15നാണ് തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ മയോ ക്ലിനിക്കിലേക്കു പോകുന്നത്. 29നു മടങ്ങിയെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.