സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് നാളെ മുതൽ; ബുക്കിംഗ് ഇന്ന് ആരംഭിക്കും

 

സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് വാക്‌സിനേഷൻ തിങ്കളാഴ്ച മുതൽ ആരംഭിക്കും. ആരോഗ്യ പ്രവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുന്നത്. രണ്ടാം ഡോസ് എടുത്ത് 9 മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് എടുക്കാൻ സാധിക്കുക

ബൂസ്റ്റർ ഡോസിനുള്ള ബുക്കിംഗ് ഇന്ന് മുതൽ ആരംഭിക്കും. ഓൺലൈൻ വഴി ബുക്ക് ചെയ്തും സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തിയും ബൂസ്റ്റർ ഡോസ് എടുക്കാം. ഓൺലൈനിൽ ഇതിനായി പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ല. കൊവിൻ പോർട്ടലിൽ മുമ്പ് വാക്‌സിനെടുത്ത ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്താൽ മതി.

രണ്ട് ഡോസ് വാക്‌സിൻ എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷൻ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്ത് കാണുന്ന ഷെഡ്യൂൾ പ്രിക്കോഷൻ ഡോസ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഇവിടെ സെന്ററും സമയവും ബുക്ക് ചെയ്യാം.