നഷ്ടപരിഹാര തുകയ്ക്ക് പുറമെ 4.60 ലക്ഷം രൂപയും; സിൽവർ ലൈൻ പുനരധിവാസ പാക്കേജായി

 

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. വാസസ്ഥലം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരത്തുകക്ക് പുറമെ 4.60 ലക്ഷം രൂപ നൽകും. അല്ലെങ്കിൽ നഷ്ടപരിഹാരവും 1,50,000 രൂപയും ലൈഫ് മാതൃകയിൽ വീടും നിർമിച്ച് നൽകും. വാസസ്ഥലം നഷ്ടമാകുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതിദരിദ്ര കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും അഞ്ച് സെന്റ് ഭൂമിയും ലൈഫ് മാതൃകയിൽ വീടും നൽകും. അല്ലെങ്കിൽ നഷ്ടപരിഹാരവും അഞ്ച് സെന്റ് ഭൂമിയും നാല് ലക്ഷം രൂപയോ നഷ്ടപരിഹാരവും പത്ത് ലക്ഷം രൂപയും നൽകും.

കാലിത്തൊഴുത്ത് പൊളിച്ചുനീക്കിയാൽ 25,000 മുതൽ അമ്പതിനായിരം രൂപ വരെ നഷ്ടപരിഹാരം നൽകും. വാണിജ്യ സ്ഥാപനം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരവും അമ്പതിനായിരം രൂപയും നൽകും. വാടക കെട്ടിടത്തിലെ വാണിജ്യസ്ഥാപനം നഷ്ടമാകുന്നവർക്ക് രണ്ട് ലക്ഷം രൂപ നൽകും

വാസസ്ഥലം നഷ്ടമാകുന്ന വാടകക്കാർക്ക് മുപ്പതിനായിരം രൂപ നൽകും. സ്വയം തൊഴിൽ നഷ്ടമാകുന്നവർക്ക് അമ്പതിനായിരം രൂപയാണ് നഷ്ടപരിഹാരം. ഒഴിപ്പിക്കപ്പെടുന്ന വാണിജ്യസ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ആറായിരം രൂപ വീതം ആറ് മാസം നൽകും. പെട്ടിക്കടകൾക്ക് 25,000-50000 രൂപ വരെ നൽകും. പുറമ്പോക്കിൽ കച്ചവടം നടത്തുന്നവർക്ക് ചമയങ്ങളുടെ വിലയം 5000 രൂപ വീതം ആറ് മാസം നൽകും.