Headlines

“ആക്ഷൻ സിനിമ ചെയ്യാൻ രജനിക്കും കമലിനും താല്പര്യം ഇല്ലായിരുന്നു” ; ലോകേഷ് കനഗരാജ്

40 വർഷങ്ങൾക്ക് ശേഷം സൂപ്പർസ്റ്റാർ രജനികാന്തും ഉലകനായകൻ കമൽ ഹാസനും ഒരുമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നതിൽ നിന്നും താൻ പിന്മാറിയത്തിൽ വിശദീകരണവുമായി ലോകേഷ് കനഗരാജ്. ഇരുവരുടെയും കാലങ്ങൾക്ക് ശേഷമുള്ള ഒത്തുചേരലിൽനായി ലോകേഷ് ഒരുക്കാൻ പോകുന്നത് ഒരു ഗ്യാങ്‌സ്റ്റർ ഡ്രാമയാണെന്ന രീതിയിൽ ചർച്ചകൾ നടക്കുകയും പിന്നീട് ലോകേഷിനെ ചിത്രത്തിൽ നിന്നും ഒഴിവാക്കിയെന്നുമുള്ള തരത്തിൽ സോഷ്യൽ മീഡിയയിൽ സംസാരമുണ്ടായിരുന്നു.“കൂലിയുടെ റിലീസ് സമയം രജനി സാറും, കമൽ സാറും തമ്മിൽ കാണുകയും ഒരു ചിത്രത്തിലൂടെ ഒന്നിക്കാം എന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. അവർ രണ്ടു പേരും ഒന്നിക്കുന്ന ഒരു ചിത്രം സംവിധാനം ചെയ്യാൻ എന്നെ ക്ഷണിച്ചത് എനിക്ക് വളരെ വലിയ കാരണമായി തന്നെ തോന്നിയിരുന്നു. എന്നാൽ അപ്പോൾ എനിക്ക് കൈതി 2 സംവിധാനം ചെയ്യാനുണ്ടായിരുന്നു. എന്നാൽ ഇത്ര വലിയൊരു അവസരം ഉപേക്ഷിക്കാൻ മനസ് വരാത്തതിനാൽ ഞാൻ ഈ ചിത്രത്തിന് ശേഷം കൈതി ഏറ്റെടുക്കാം എന്ന് നിർമ്മാതാവിനോട് അനുവാദം വാങ്ങിയിട്ട് വരികയും, വളരെ ആത്മാർത്ഥമായി ഒന്നര മാസം ഇരുന്ന് കഥ എഴുതുകയും ചെയ്തു” ലോകേഷ് കനഗരാജ് പറഞ്ഞു.കഥ എഴുതി തുടങ്ങിയ ശേഷം പ്രമേയം ഇരുവരോടും സൂചിപ്പിച്ചപ്പോൾ അവർക്ക് ഒരു ആക്ഷൻ സിനിമ ചെയ്യാൻ താല്പര്യം ഇല്ല എന്ന് തന്നെ അറിയിക്കുകയായിയുന്നു എന്ന് ലോകേഷ് കനഗരാജ് പറയുന്നു. രജനി ചെയ്തുകൊണ്ടിരുന്ന ജയിലർ 2 ഉം, കമൽ ചെയ്യാനിരിക്കുന്ന അൻബ് അറിവ് ചിത്രവും വമ്പൻ ആക്ഷൻ ചിത്രങ്ങളായതിനാൽ വേണ്ടിയും ആക്ഷൻ ചെയ്യാൻ താല്പര്യമില്ലായെന്നും മറിച്ച് ഒരു ഫീൽ ഗുഡ് ചിത്രമാണ് അവർ പ്രതീക്ഷിക്കുന്നതെന്നും അറിയിച്ചപ്പോൾ, അങ്ങനൊന്ന് തനിക്ക് അത്ര എളുപ്പമല്ലാത്തതിനാൽ പിന്മാറുകയായിരുന്നുവെന്നും ലോകേഷ് പറയുന്നു.

“കൈതി 2 മാറ്റിവെച്ചതിനാൽ ആ ഡേറ്റ് ഒക്കെ കാർത്തി സാറും ടീമും മറ്റൊരു സംവിധായകൻ നൽകിരുന്നു. അതിനാൽ ആ ഗ്യാപ്പിൽ എന്ത് ചെയ്യണമെന്ന് ചിന്തിച്ചപ്പോൾ ആണ് മൈത്രി മൂവീസുമായി ഒരുമിക്കാൻ തീരുമാനിച്ചത്. എനിക്ക് അല്ലു അർജുൻ വളരെ ഇഷ്ട്ടമാണ്, അദ്ദേഹവുമായി ഒരുമിക്കുന്നതിനായി പല വട്ടം ചർച്ചകൾ നടന്നിരുന്നു. അതിനാൽ കയ്യിലുണ്ടായിരുന്ന ഒരു ഐഡിയ അദ്ദേഹത്തിന്റെ അടുത്ത് വിവരിക്കുകയും പ്രൊജക്റ്റ് ഓൺ ആകുകയും ചെയ്തു” ലോകേഷ് കനഗരാജ് പറയുന്നു.