‘മാസ്റ്റർ…..’ കോവിഡാനന്തര മാമാങ്കം

 

‘മാസ്റ്റർ…..’
കോവിഡാനന്തര മാമാങ്കം.

ഷാജി കോട്ടയിൽ

2020 മാർച്ച് 23ന് അടച്ച് പൂട്ടിയ കേരളത്തിലെ തീയേറ്ററുകൾ ഒൻപത് മാസങ്ങൾക്ക് ശേഷം തുറന്നത് മറ്റൊരു റെക്കോർഡുമായാണ്…

സകല സ്ക്രീനിലും ഒരൊറ്റ സിനിമ മാത്രം….!

ലോകേഷ് കനഗരാജ് കഥയെഴുതി ദക്ഷിണേന്ത്യയുടെ ദളപതി വിജയ് നായകനായും,തമിഴകത്തിന്റെ മക്കൾ ശെൽവൻ പ്രതിനായക വേഷത്തിലും തകർത്താടിയ ‘മാസ്റ്റർ’

മാനഗരം,കൈതി തുടങ്ങിയ സിനിമകളിലൂടെ തമിഴകത്തിന്റെ പ്രതീക്ഷയായ ലോകേഷ് അതിനെ അരക്കെട്ടുറപ്പിക്കുന്ന കാഴ്ച്ചകളാണ് മാസ്റ്ററിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നത്…

ക്രൂരനായ ക്രിമിനൽ ഭവാനിയേയും സംഘത്തേയും കീഴടക്കുകയും ഒരു ദുർഗുണപരിഹാര പാഠശാലയിലെ കുട്ടികളുടെ രക്ഷകനാവുകയും ചെയ്യുന്ന ജെ.ഡി എന്ന അടിപൊളി,സ്റ്റൈലിസ്റ്റ് ട്രയിനറുടെ കഥയത്രേ ചുരുക്കത്തിൽ മാസ്റ്ററിന്റേത്…

മേമ്പൊടിയായി അനിരുദ്ധിന്റെ സംഗീതവും,സ്റ്റണ്ട് ശിവയുടെ ആക്ഷനും,
സത്യൻ സൂര്യന്റെ ക്യാമറയുമൊക്കെയുണ്ടെങ്കിലും നൂറ് ശതമാനവും വിജയ് മയമാണ് മാസ്റ്റർ…
അത്രതന്നെ വിജയ് ആരാധകരെ തൃപ്തിപ്പെടുത്തുന്നതുമാണ് മാസ്റ്റർ….

ഇനി ഒന്ന് മാറി ചിന്തിക്കണമെന്നുള്ളവർക്ക് രണ്ട് പ്രത്യേക കഥാപാത്രങ്ങളെ ഒരുക്കി വച്ചിട്ടുണ്ട് ലോകേഷ്….

അതിലൊന്ന് വിജയ് സേതുപതിയുടെ ഭവാനിയെന്ന വില്ലനാണ്. കൗമാരത്തിൽ കുറ്റമൊന്നും ചെയ്യാതെതന്നെ ദുർഗുണ പരിഹാര പാഠശാലയിലെത്തുന്ന ഭവാനിയുടെ ക്രൂരനായ വില്ലലിനേക്കുള്ള വളർച്ച ഇതുവരെ കാണാത്തൊരു അവതരണത്തിലൂടെ അവിസ്മരണീയമാക്കി മക്കൾ ശെൽവൻ…..
ഇത്തരുണത്തിൽ പ്രേക്ഷകരുടെ നിർല്ലോഭമായ കൈയ്യടിയും ഭവാനിയുടെ മാനറിസങ്ങൾക്ക് ലഭിക്കുന്നുണ്ട് താനും…

മറ്റൊരാൾ അർജ്ജുൻ ദാസിന്റെ ഉപവില്ലൻ വേഷമാണ്. ശബ്ദഗാംഭീര്യം കൊണ്ട് ദാസ് എന്ന കുട്ടിവില്ലനായി തകർത്താടിയിട്ടുണ്ട് ഈ ചെറിയ മനുഷ്യൻ….

ഇതുവരെ മറ്റൊരു വിജയ് സിനിമകളിലും ഉപയോഗിക്കാത്ത ടൈറ്റിൽ വിഷ്വൽസും,സംഗീതവും…
കിടിലൻ ഇന്റർവെൽ പഞ്ച്,ഒടുക്കത്തെ ഇടിവെട്ട് ആക്ഷൻ….

നോ ലോജിക്,ഓൺലി മാജിക്
ആരാധകരെ ഇതിലേ,ഇതിലെ…..

(സിനിമ ആയിരക്കണക്കിന് പേരുടെ ജീവിതമാണ്. ഈ കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് ഒരുപക്ഷേ ഈ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ടാം നിരക്കാരാണ്. അതുകൊണ്ട് തന്നെ ഏതൊരു സിനിമയും റിലീസാവുന്നതിന് മുൻപേ പുറത്തെത്തിക്കുന്ന കൊള്ളസംഘത്തെ തകർത്തെറിയാൻ സർക്കാരിനും,സിനിമയ്ക്കും കഴിയണം..
ക്ലൈമാക്സും മറ്റും ചോർത്തി വിൽക്കുന്ന ക്രൂരതയ്ക്ക് മാപ്പ് കൊടുക്കരുത്….)