Headlines

രാജ്യത്ത് ‘വയോജന ബജറ്റ്’ അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

രാജ്യത്ത് വയോജന ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. റിട്ടയർമെന്റ് ഹോമുകൾക്കായി 30 കോടി വകയിരുത്തി. വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് ബജറ്റെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറയുന്നു.
റിട്ടയര്‍മെന്റ് ഹോമുകള്‍ സജ്ജമാക്കാന്‍ സംഘടനകള്‍ക്കും സ്വകാര്യവ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. കമ്യൂണിറ്റി കിച്ചണ്‍, കളിസ്ഥലങ്ങള്‍, ആരോഗ്യ സംവിധാനങ്ങള്‍ തുടങ്ങിയവ ഉണ്ടാകണമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

2026ലെ കണക്ക് പ്രകാരം കേരളത്തിലെ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം ജനസംഖ്യയുടെ 18.7 ശതമാനമാണെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി വയോജന കമ്മീഷന്‍ രൂപീകരിച്ച സംസ്ഥാനമാണ് കേരളമെന്നും വയോജനങ്ങളുടെ പ്രശ്‌നങ്ങളും അവരുടെ സംരക്ഷണവും ഗൗരവത്തോടെ സര്‍ക്കാര്‍ കാണുന്നുവെന്നും അതുകൊണ്ട് തന്നെ ഇത്തവണ എല്‍ഡേര്‍ളി ബജറ്റ് ( വയോജന ബജറ്റ്) എന്ന പുതിയ ഒരു പ്രമാണം കൂടി ബജറ്റ് രേഖകള്‍ക്കൊപ്പം സര്‍ക്കാര്‍ അവതരിപ്പിക്കുന്നുവെന്നുമാണ് ധനമന്ത്രി പറഞ്ഞത്.

വീടുകളില്‍ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങള്‍ക്ക് സന്നദ്ധ വളണ്ടിയര്‍മാരുടെ സേവനം ലഭിക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കും. തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കും. മുതിര്‍ന്നവര്‍ക്ക് ചികിത്സ ഉള്‍പ്പെടെ ഉള്ള ആവശ്യങ്ങള്‍ക്ക് വിളിക്കുവാന്‍ ഫോണ്‍ നമ്പറുകള്‍ പരസ്യപ്പെടുത്തും. ഫോണ്‍ കോള്‍ വളണ്ടിയര്‍മാരുടെ സേവനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലായിരിക്കും നടത്തുക. ഈ പദ്ധതിക്ക് പ്രാഥമികമായി നടപ്പിലാക്കുന്നതിന് 10 കോടി രൂപ വകയിരുത്തുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

ക്ഷേമപെൻഷന് 14,500 കോടി രൂപയാണ് സർക്കാർ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. 62 ലക്ഷം ജനങ്ങള്‍ക്ക് മുടക്കമില്ലാതെ എല്ലാ മാസവും 2000 രൂപ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ എത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ 54,000 കോടി രൂപ ക്ഷേമ പെന്‍ഷനായി എത്തിച്ചിരിക്കുമെന്നാണ് ധനമന്ത്രി ബജറ്റില്‍ പറഞ്ഞത്.