റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ പ്രവാസികളെ പിഴിയുന്നു

 

റാപിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ പ്രവാസികളെയും വിദേശ യാത്രികരെയും കേരളത്തിലെ വിമാനത്താവളങ്ങള്‍ കൊള്ളയടിക്കുന്നതായി പരാതി. വലിയ തുകയാണ് റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ കേരളത്തിലെ വിവിധ വിമാനത്താവളില്‍ ഈടാക്കുന്നത്. മറ്റു വിമാനത്താവളത്തിനേക്കാള്‍ 900 രൂപ അധികമാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഈടാക്കുന്നത്. ഓമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ ആര്‍ടിപിസിആറോ റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയോ സ്വന്തം ചെലവില്‍ നടത്തണം.

കണ്ണൂര്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ 2490 രൂപയാണ് ആര്‍ടിപിസിആര്‍ പരിശോധക്കായി ഈടാക്കുന്നത്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ 1580 രൂപയാണ് ഈടാക്കുന്നത്. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഉയര്‍ന്ന തുക, ഇവിടങ്ങളില്‍ 2590 രൂപ വീതമാണ് റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ യാത്രക്കാരോട് ഈടാക്കുന്നത്. വിവിധ പ്രവാസി സംഘടനകളാണ് പരാതിയുമായി രംഗത്തുവന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയവരുമുണ്ട്. കണ്ണൂര്‍ ബാറിലെ അഭിഭാഷകന്‍ പി വി മിഥുനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതിയില്‍ എതിര്‍ കക്ഷിയായ സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടിയിട്ടുണ്ട്. വിമാന കമ്പനികള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെ എയര്‍പോര്‍ട്ട് നടത്തിപ്പുകാര്‍ സജീകരിച്ച്‌ നല്‍കുന്ന ആര്‍ടിപിസിആര്‍ പരിശോധനാ കേന്ദ്രങ്ങളില്‍ പരിശോധനാ വിധയമാക്കുന്നത് ഓമിക്രോണ്‍ പശ്ചാത്തലത്തിലാണ്.