കേരളത്തില്‍ ഏഴു ദിവസം കര്‍ശന ക്വാറന്റൈന്‍; മൂന്നു തവണ ആര്‍.ടി.പി.സി.ആര്‍: ജനിതക ശ്രേണീകരണത്തിന് സാമ്പിള്‍ നല്‍കണം

തിരുവനന്തപുരം:  കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വിദേശത്തുനിന്നെത്തുന്നവര്‍ ഏഴു ദിവസം കര്‍ശനമായി ക്വാറന്റൈനില്‍ കഴിയണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇവര്‍ കൊവിഡ് പോസിറ്റീവായാല്‍ ജനിതക ശ്രേണീകരണത്തിന് സാമ്പിള്‍ അയക്കണം.

അതേസമയം, വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം പടരുന്ന സാഹചര്യത്തില്‍ ഡിസംബര്‍ 15 മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്നവരില്‍ അഞ്ചു വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാരും 72 മണിക്കൂര്‍ മുന്‍പ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്നും എയര്‍ സുവിധ പോര്‍ട്ടലില്‍ സത്യവാങ്മൂലം നല്‍കണമെന്നും കേന്ദ്ര നിര്‍ദേശമുണ്ട്.

ഇവര്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ വീണ്ടും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ക്വാറന്റൈന്‍ തീരുമ്പോഴും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. പുതിയ വകഭേദം കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വിദേശത്തുനിന്നു കൂടുതല്‍ പേര്‍ എത്തുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.