ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തണ്ണീർമുക്കം സ്വദേശിയായ പത്ത് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി.
ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകി.
വൃത്തിയില്ലാത്ത കുളങ്ങൾ, ജലാശയങ്ങൾ, വെള്ളക്കെട്ടുകൾ, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളിക്കുകയോ നീന്തുകയോ ചെയ്യരുത്. നീന്തൽ പരിശീലന കേന്ദ്രങ്ങളിലെ നീന്തൽ കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യണം. കുട്ടികൾ ചെറുകുളങ്ങളിലും കെട്ടിനിൽക്കുന്ന വെള്ളത്തിലും കുളിക്കാനും കളിക്കാനും ഇറങ്ങുന്നില്ലെന്ന് അധ്യാപകരും രക്ഷകർത്താക്കളും ഉറപ്പാക്കണം. വീടുകളിലെയും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെയും ജലസ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് നിർദേശം.







