കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തിൽ കോഴിക്കോട് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു. പന്നിയങ്കരയില്‍ കഴിഞ്ഞ ദിവസം മരിച്ച കോട്ടയം സ്വദേശി ശശിയുടെ മൃതദേഹമാണ് പുറത്തെടുത്തത്. ഹൃദാഘാതമാണ് മരണകാരണമെന്നായിരുന്നു ആദ്യ പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. ഇയാളുടെ കൂടെ താമസിച്ച ചാവക്കാട് സ്വദേശി റഹീം എന്നയാള്‍ കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. കൂടെ താമസിച്ചിരുന്ന ശശിക്കും രോഗമുണ്ടോ എന്ന് സ്ഥിരീകരിക്കാനാണ് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ഹൃദയാഘാതം തന്നെ ആണ് മരണകരണമെന്ന് റീ പോസ്റ്റുമോർട്ടത്തില്‍ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നു റീ പോസ്റ്റ്മോർട്ടം. മൃതദേഹം നാളെ വീണ്ടും സംസ്കരിക്കും
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിക്കെയാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചാവക്കാട് സ്വദേശി റഹീം മരിച്ചത്. റഹീമിന്‍റെ രോഗ ഉറവിടത്തിന്‍റെ കാര്യത്തില്‍ അവ്യക്തത തുടരവെ ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി ശശിയുടെ മരണവും അമീബിക് മസ്തിഷ്ക ജ്വരം മൂലമെന്നാണ് സംശയിക്കുന്നത്. ശശിയെ താമസ സ്ഥലത്തെ കസേരയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അതിന് പിന്നാലെ കുഴഞ്ഞ് വീണ നിലയില്‍ കണ്ടെത്തിയ റഹീമിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു ഇയാള്‍ക്ക് രോഗം സ്ഥീകരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഇരുവരും ജോലി ചെയ്തിരുന്ന ഹോട്ടല്‍ അനുമതിയില്ലാതെ തുറക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തെ ജലസ്രോതസില്‍ നിന്നുള്ള സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശശിയുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ എത്താത്തതിനാൽ മൃതദേഹം കോഴിക്കോട് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ ആയിരുന്നു സംസ്‌ക്കരിച്ചിരുന്നത്. റഹീമിന് രോഗം സ്ഥിരീകരിച്ചതോടെയാണ് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തത്.
എന്താണ് അമീബിക് മസ്തിഷ്കജ്വരം?
തലച്ചോറിനെ ബാധിക്കുന്ന അപൂർവവും എന്നാൽ ഗുരുതരവുമായ ഒരു രോഗമാണ് അമീബിക് മസ്തിഷ്കജ്വരം. ജലത്തിൽ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി (Naegleria fowleri) എന്ന അമീബയാണ് ഈ രോഗത്തിന് പ്രധാന കാരണം. മലിനമായ കുളങ്ങളിലോ, പുഴകളിലോ, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്പോൾ ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. ഇത് പിന്നീട് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നു. മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരില്ല.
ലക്ഷണങ്ങൾ
പനി, തീവ്രമായ തലവേദന, ഛർദ്ദി, ഓക്കാനം, കഴുത്തു വേദന, വെളിച്ചത്തിലേയ്ക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പൊതുവേ കാണുന്ന ലക്ഷണങ്ങള്‍. രോഗം ഗുരുതരാവസ്ഥയിലായാൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് എന്നിവയുണ്ടാകുന്നു. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ തേടണം.