ഒമിക്രോണിന്റെ പേരില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രത നിര്‍ദേശവുമായി കേരള പൊലീസ്

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ പേരില്‍ തട്ടിപ്പ് വ്യാപകമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പൊലീസ് ഇതുസംബന്ധിച്ച ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒമിക്രോണിനായുള്ള പിസിആര്‍ ടെസ്റ്റുമായി ബന്ധപ്പെട്ടാണ് സൈബര്‍ കുറ്റവാളികള്‍ പുതിയതരം തട്ടിപ്പുമായി രംഗത്തിറങ്ങിയിട്ടുള്ളത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ പേരില്‍ വ്യാജ ഇ-മെയില്‍, ലിങ്കുകള്‍ എന്നിവ അയച്ചു നല്‍കുകയും ഇതിലൂടെ കോവിഡ് 19 ഒമിക്രോണ്‍ ടെസ്റ്റ് എന്ന തലക്കെട്ടോടു കൂടിയ വ്യാജ വെബ്‌സൈറ്റില്‍ എത്തിച്ച്‌ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ കൈവശപ്പെടുത്തുമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തില്‍ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിനു മുമ്പ് അയച്ച ആളുടെ വിശദാംശങ്ങളും ഇമെയില്‍ വിലാസവും സൂക്ഷ്മമായി പരിശോധിക്കണം. അജ്ഞാതരില്‍ നിന്നും ഉള്ള ഇമെയിലുകള്‍ ഒഴിവാക്കുക. ആരോഗ്യ സേവനങ്ങളുടെയും സര്‍ക്കാര്‍ സേവനങ്ങളുടെയും ഔദ്യോഗിക വെബ്‌സൈറ്റുകള്‍ മാത്രം ഉപയോഗിക്കുക. വെബ്‌സൈറ്റുകളുടെ ഡൊമൈന്‍ , യുആര്‍എല്‍ എന്നിവ സൂക്ഷ്മമായി പരിശോധിക്കുക. https:// എന്നതില്‍ തുടങ്ങാത്ത വിലാസം ഉള്ള വെബ്‌പേജുകള്‍ ഒഴിവാക്കണമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.