വയനാടിനെ വിറപ്പിക്കുന്ന കടുവ കണക്കിൽപെടാത്തത്; കൈയിലുള്ളത് മൂന്ന് ചിത്രം

 

വയനാട്ടിലെ കുറുക്കൻമൂലയെയും പരിസരപ്രദേശങ്ങളെയും നാളുകളായി വിറപ്പിക്കുന്ന കടുവ വനംവകുപ്പിന്റെ സെൻസസിൽ ഉൾപ്പെടാത്തതെന്ന് വ്യക്തമായി. ജനവാസകേന്ദ്രത്തിൽ കടുവയെ നിരീക്ഷിക്കാനായിവെച്ച ക്യാമറകളിൽ പതിഞ്ഞ ചിത്രങ്ങളിൽനിന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2016- മുതൽ ക്യാമറാ ട്രാപ്പിൽ കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ലെന്ന് ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജർ ഡോ. അരുൺ സഖറിയ പറഞ്ഞു.

സമീപത്തുള്ള മുതുമല, ബന്ദിപ്പുർ കടുവാ സങ്കേതങ്ങളിൽനിന്ന് കടുവ വയനാട്ടിലെ കാടുകളിലെത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സ്ഥിരീകരണത്തിനായി കടുവയുടെ ചിത്രങ്ങൾ മുതുമല, ബന്ദിപ്പുർ കടുവാസങ്കേതത്തിലേക്ക് അയച്ചു നൽകിയിട്ടുണ്ട്. മാനന്തവാടി നഗരസഭയിലെ കുറുക്കൻമൂലയിലും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ച ഇരുപതിലധികം ക്യാമറകളിൽനിന്ന് മൂന്നുചിത്രങ്ങളാണ് ഇതുവരെ കിട്ടിയത്. ചിത്രത്തിൽനിന്ന് കടുവയുടെ കഴുത്തിൽ ആഴത്തിൽ മുറിവുള്ളതായും വ്യക്തമായി. പരിക്കുകാരണം കാട്ടിൽ ഇരതേടാനാവാത്തതിനാലാണ് കടുവ പതിവായി ജനവാസകേന്ദ്രത്തിൽ ഇറങ്ങുന്നത്. കൃഷിയിടത്തിലിറങ്ങുന്ന പന്നികളെയും മറ്റും ലക്ഷ്യം വെച്ചൊരുക്കുന്ന മുൾവേലികളിൽ നിന്നോ കെണിയിൽ നിന്നോ മറ്റോ ആകാം കടുവയ്ക്ക് മുറിവേറ്റതെന്നാണ് നിഗമനം.

നവംബർ 28 മുതലാണ് മാനന്തവാടി നഗരസഭാപരിധിയിലെ കുറുക്കൻമൂലയും പരിസരപ്രദേശങ്ങളും കടുവാഭീതിയിലാവുന്നത്. ഇത്രയും ദിവസത്തിനുള്ളിൽ 16 വളർത്തുമൃഗങ്ങളെ കടുവ കൊന്നു. വിവിധ ഭാഗങ്ങളിലായി അഞ്ചു കൂടുകൾ വെച്ച് കടുവയ്ക്കായി കെണി ഒരുക്കിയെങ്കിലും ഒന്നിലും കടുവ കുടുങ്ങിയില്ല. മുമ്പ് കെണിയിൽ കുടുങ്ങിയതിനാലാണോ കടുവ കൂട്ടിൽ കയറാത്തതെന്ന സംശയവും ഇതോടെ ബലപ്പെട്ടു. കാൽപ്പാടുകളും ചിത്രങ്ങളും പരിശോധിച്ച് നാട്ടിലിറങ്ങുന്നത് ഒരേ കടുവ തന്നെയാണെന്ന് വനംവകുപ്പ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ടെങ്കിലും പകൽ കടുവയെ കണ്ടെത്താനാവാത്തതിനാൽ മയക്കുവെടി വെക്കാനായിട്ടില്ല.

റാപ്പിഡ് റെസ്പോൺസ് ടീം ഉൾപ്പെടെ 150 വനംവകുപ്പ് ജീവനക്കാരാണ് കടുവയ്ക്കായി തിരച്ചിൽ നടത്തുന്നത്. കടുവയെ തളയ്ക്കാനായി വടക്കനാട് കൊമ്പൻ, കല്ലൂർ കൊമ്പൻ എന്നീ രണ്ടു കുങ്കിയാനകളുടെ സഹായവും തിരച്ചിലിനുണ്ട്. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് പ്രദേശത്ത് പ്രത്യേക സുരക്ഷാസംവിധാനം ഒരുക്കിയിട്ടുണ്ട്.

കടുവയെ തുരത്താൻ കൊമ്പൻമാർ

: കൊമ്പനാനകളെയുംകൂട്ടി വനംവകുപ്പ് രാത്രി മുഴുവൻ കാവൽ നിന്നിട്ടും അതെല്ലാം മറികടന്ന് കടുവ പതിവുപോലെ കുറുക്കൻമൂലയിലെത്തി. കനത്ത കാവലിനെയും മറികടന്ന് കുറുക്കൻമൂല തെനംകുഴി ജിൽസിന്റെ വീടിനുസമീപമാണ് ചൊവ്വാഴ്ച പുലർച്ചെയും കടുവ എത്തിയത്. പ്രദേശത്തുനിന്ന് കിട്ടിയ കാൽപ്പാടിന്റെ അടിസ്ഥാനത്തിലാണ് കടുവയിറങ്ങിയതായി സ്ഥിരീകരിച്ചത്. കടുവയെ പിടികൂടാനായി വെച്ച കൂടിനടുത്തായാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. കടുവയെ ആകർഷിക്കാനായി കൂട്ടിൽ ആടിനെ കെട്ടിയിരുന്നെങ്കിലും കെണിയിലൊന്നും കടുവ വീണില്ല. അഞ്ചുകൂടുകൾ കടുവയ്ക്കായി കാത്തിരിക്കാൻ തുടങ്ങിയിട്ടും ഒന്നിലും കടുവ കുടുങ്ങിയില്ല.

കഴിഞ്ഞ ദിവസം വളർത്തുമൃഗങ്ങളെയൊന്നും പിടിച്ചില്ലെങ്കിലും കടുവ ഏതുവഴി വന്നു ഏതുവഴി പോയി എന്നത് വ്യക്തവുമല്ല. ദിവസങ്ങളോളം വനംവകുപ്പ് ജീവനക്കാർ രാപകൽ വ്യത്യാസമില്ലാതെ തിരഞ്ഞിട്ടും കടുവയെ കണ്ടെത്താനാവാതെ വന്നതോടെയാണ് കുങ്കിയാനകളായ വടക്കനാട് കൊമ്പനെയും കല്ലൂർ കൊമ്പനെയും സഹായത്തിനായെത്തിച്ചത്. കടുവയെ പിടികൂടാനായി കടുവയുടെ ഇത്രയും നാളത്തെ സഞ്ചാരപാത കണക്കാക്കിയ വനംവകുപ്പ് ചങ്ങലഗേറ്റുമുതൽ പാൽവെളിച്ചംവരെ ഗതാഗതം തടഞ്ഞ് രണ്ടുഭാഗത്തും കുങ്കിയാനകളെ നിർത്തി നിരീക്ഷിച്ചിരുന്നു. ചങ്ങലഗേറ്റ് മുതൽ പടമല പള്ളിവരെയുള്ള ഭാഗത്തൂടെയാണ് കടുവ കൂടുതലായി സഞ്ചരിച്ചതെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ.

കാൽപ്പാടുകൾ, ക്യാമറാ ദൃശ്യങ്ങൾ ഇവ പരിശോധിച്ചാണ് കടുവയുടെ സഞ്ചാരപാത കണക്കാക്കിയത്. ഇതുവഴി കടുവ വരികയാണെങ്കിൽ കൊമ്പന്മാരുടെ സഹായത്തോടെ തെളിച്ച് ഏതെങ്കിലും കൂട്ടിൽ കയറ്റി കടുവയെ പിടികൂടുകയായിരുന്നു ലക്ഷ്യം. എന്നാൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കാത്തിരുന്നിട്ടും സ്ഥിരം സഞ്ചാരവഴിയിലൂടെ ചൊവ്വാഴ്ച രാത്രി കടുവ വന്നില്ല. മറ്റേതോ വഴിയൂടെ ജനവാസകേന്ദ്രത്തിലെത്തി. ബുധനാഴ്ച പകൽ കുങ്കിയാനയുടെ സഹായത്തോടെ നാടിളക്കി തിരച്ചിൽ നടത്തിയിട്ടും കടുവയെ കണ്ടെത്താനായില്ല.

ബുധനാഴ്ച രാത്രിയും ചങ്ങലഗേറ്റ് മുതൽ പടമല പള്ളിവരെ സഞ്ചാരം തടഞ്ഞ് നിരീക്ഷിക്കും. കടുവയിറങ്ങിയാൽ കൂട്ടിൽ കയറ്റുകയാണ് ലക്ഷ്യം. ബുധനാഴ്ച ഉത്തരമേഖല സി.സി.എഫ്. ഡി.കെ. വിനോദ് കുമാർ, ജില്ലാ പോലീസ് മേധാവി ഡോ. അർവിന്ദ് സുകുമാർ, ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ വി. രാജൻ, സബ് ജഡ്ജ് കെ. രാജേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.