അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ വാച്ച് മോഷ്ടിച്ച് ദുബൈയിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നയാൾ അസമിൽ പിടിയിൽ. അസം സ്വദേശി വാസിദ് ഹുസൈനെയാണ് അസം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് വാച്ചും പോലീസ് കണ്ടെത്തി.
മറഡോണയുടെ ഒപ്പ് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം ഉപയോഗിച്ചിരുന്ന ഹുബ്ലോ കമ്പനിയുടെ ലിമിറ്റഡ് എഡിഷൻ വാച്ചാണ് വാസിദ് മോഷ്ടിച്ചത്. ദുബൈയിൽ മറഡോണയുടെ വസ്തുക്കളും മറ്റും സൂക്ഷിച്ചിരുന്ന കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഇയാൾ.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഇയാൾ മോഷണം നടത്തിയത്. ദുബൈ പോലീസ് നൽകിയ വിവരപ്രകാരം കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുകയും പ്രതി അസമിലുണ്ടെന്ന് മനസ്സിലാകുകയുമായിരുന്നു. ശനിയാഴ്ച ശിവസാഗറിലെ ഇയാളുടെ ഭാര്യവീട്ടിലെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. വാച്ചും കണ്ടെത്തി.