നാഗാലാ‌ൻഡിൽ സംഘർഷാവസ്ഥ തുടരുന്നു; ഒരാൾ കൂടി മരിച്ചു: ഇന്റർനെറ്റ്- എസ്എംഎസ് സേവനങ്ങൾ വിച്ഛേദിച്ചു

 

നാഗാലാൻഡിലെ സംഘർഷത്തിൽ ഒരാൾ കൂടി മരിച്ചു. ആൾക്കൂട്ടം സൈനിക ക്യാമ്പ് വളഞ്ഞു. അസം റൈഫിൾസിന്റെ വെടിയേറ്റ് 13 ഗ്രാമീണർ മരിച്ചതിൽ പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ഒരു സൈനികനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. സാധാരണക്കാർ കൊല്ലപ്പെട്ട വെടിവെപ്പിൽ പ്രതിഷേധിച്ചെത്തിയ പ്രദേശവാസികൾ സംഘടിച്ച് സർക്കാർ കേന്ദ്രങ്ങളും വാഹനങ്ങളും ആക്രമിച്ചു. മോൺ നഗരത്തിലെ അസം റൈഫിൾസിന്റെ ക്യാമ്പും നാട്ടുകാർ ആക്രമിച്ചു. ക്യാമ്പിന് തീയിടാൻ ശ്രമം നടന്നുവെന്നാണ് റിപ്പോർട്ട്. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് മോൺ ജില്ലയിലെ ഇന്റർനെറ്റ്- എസ്എംഎസ് സേവനങ്ങൾ വിച്ഛേദിച്ചു

മ്യാൻമറുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഖനി തൊഴിലാളികളായ ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ തൊഴിലാളികളുടെ സംഘം ട്രക്കിൽ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് സുരക്ഷസേനയുടെ വെടിവെച്ചത്.

വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണര്‍ക്കുനേരെ വെടിവെച്ചെന്നാണ് സൈന്യത്തിന്റെ വിശദീകരണം. സംഭവത്തിൽ ഖേദം രേഖപ്പെടുത്തിയ സൈന്യം അന്വേഷണം നടത്തുമെന്ന് അറിയിച്ചു. സംഭവത്തിൽ നാഗാലാൻഡ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.