മുല്ലപ്പെരിയാര്‍; കേരളത്തിന്റെ നിര്‍ദേശം തമിഴ്നാട് അവഗണിച്ചു; രാത്രി ഷട്ടറുകള്‍ ഉയര്‍ത്തി

 

തൊടുപുഴ: കേരളത്തിന്റെ നിര്‍ദേശം അവഗണിച്ച് മുല്ലപ്പെരിയാറില്‍ നിന്ന് രാത്രിയില്‍ കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കി തമിഴ്നാട്. ഇന്നലെ രാത്രി 11 മണിയോടെ ഒന്‍പത് ഷട്ടറുകള്‍ 60 സെന്റീ മിറ്റര്‍ ഉയര്‍ത്തി. 7,200 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്.

മുന്നറിയിപ്പില്ലാതെ രാത്രിയില്‍ ഷട്ടറുകള്‍ തുറക്കരുതെന്ന കേരളത്തിന്റെ ആവശ്യം ഇന്നലയും തമിഴ്നാട് നിരസിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ നീരൊഴുക്ക് കൂടിയതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. നിലവില്‍ ഒരു ഷട്ടര്‍ ഒഴികെ ബാക്കിയെല്ലാം അടച്ചു.

നിലവില്‍ 141.95 അടിയാണ് ഡാമിലെ ജലനിരപ്പ്. നീരൊഴുക്ക് കുറഞ്ഞ പശ്ചാത്തലത്തില്‍ ഷട്ടറുകള്‍ അടയ്ക്കുകയും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്തിരുന്നു. ഡാമിലെ ജലനിരപ്പ് 142 അടിയില്‍ താഴെ നിര്‍ത്തുക എന്നതാണ് തമിഴ്നാടിന്റെ ലക്ഷ്യം.

അതേസമയം, മുല്ലപ്പെരിയാർ വിഷയത്തില്‍ സർക്കാർ അലംഭവം ഉപേക്ഷിക്കണമെന്നും പുതിയ ഡാം നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഇന്ന് ഉപവാസം ആരംഭിക്കും. നാളെ രാവിലെ 10 മണി വരെയാണ് സമരം. ചെറുതോണിയിലാണ് ഉപവാസം അനുഷ്ഠിക്കുക.