മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവം; പത്ത് പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

 

ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ വെടിവെച്ച് കൊന്ന സംഭവത്തിൽ 10 പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കേസ്. പോർബന്തർ നവിബന്ദർ പൊലീസാണ് കൊലപാതകത്തിന് കേസെടുത്തത്. സംഭവത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളി ദിലീപ് നാതു സോളങ്കിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ശനിയാഴ്ച വൈകുന്നേരം ഇന്ത്യൻ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്നയാളെ പാകിസ്ഥാൻ സേന വെടിവെച്ച് കൊല്ലുകയായിരുന്നു. സംഭവം ഗൗരവമായി എടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും വിഷയം പാകിസ്ഥാനുമായി നയതന്ത്രപരമായി സംസാരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

‘ജൽപരി’ എന്ന മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾക്ക് നേരെ പാകിസ്ഥാൻ നാവിക സുരക്ഷാ ഏജൻസി (പി‌എം‌എസ്‌എ) വെടിവെയ്ക്കുകയായിരുന്നു. വെടിയേറ്റ് മഹാരാഷ്ട്രയിൽ നിന്നുള്ള മത്സ്യത്തൊഴിലാളി ശ്രീധർ രമേഷ് ചാംരെ കൊല്ലപ്പെട്ടു. ബോട്ടിൽ ഏഴുപേരാണ് ഉണ്ടായിരുന്നത്. ഇതിൽ നിസാര പരിക്കേറ്റ ദിലീപ് നാതു സോളങ്കി ഗുജറാത്തിലെ ഓഖയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

വെടിവെയ്പുണ്ടായപ്പോൾ ബോട്ടിന്റെ ക്യാബിനിലായിരുന്നു ശ്രീധർ രമേഷ് ചാംരെ എന്ന് മത്സ്യബന്ധന ബോട്ടിന്റെ ഉടമ ജയന്തിഭായ് റാത്തോഡ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. “മൂന്ന് വെടിയുണ്ടകൾ അദ്ദേഹത്തിന്റെ നെഞ്ചിൽ പതിക്കുകയും തുടർന്ന് അദ്ദേഹം മരിക്കുകയും ചെയ്തു. പാകിസ്ഥാൻ ഉദ്യോഗസ്ഥരുടെ വിവേചനരഹിതമായ വെടിവെയ്പ്പിൽ ബോട്ടിന്റെ ക്യാപ്റ്റനും പരിക്കേറ്റു,” ജയന്തിഭായ് റാത്തോഡ് പറഞ്ഞു.

കാലങ്ങളായി, ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകൾക്ക് നേരെ പാകിസ്ഥാൻ വെടിയുതിർക്കുകയും ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ തടവിലിടുകയും ചെയ്യുന്ന സംഭവങ്ങൾ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ വർഷം ഫെബ്രുവരിയിൽ, ഇന്ത്യക്കാരോ ഇന്ത്യക്കാരെന്ന് വിശ്വസിക്കപ്പെടുന്നവരോ ആയ 270 മത്സ്യത്തൊഴിലാളികളും 49 സിവിലിയൻ തടവുകാരും തങ്ങളുടെ ജയിലുകളിൽ ഉണ്ടെന്ന് പാകിസ്ഥാൻ സമ്മതിച്ചു. ഇതേ കാലയളവിൽ 77 പാകിസ്ഥാൻ മത്സ്യത്തൊഴിലാളികളും 263 പാകിസ്ഥാൻ സിവിലിയൻ തടവുകാരും ഇന്ത്യയുടെ കസ്റ്റഡിയിലുണ്ടെന്ന് സർക്കാർ രാജ്യസഭയിൽ പറഞ്ഞിരുന്നു.

2012 ഫെബ്രുവരിയിൽ കേരള തീരത്ത് ഇറ്റാലിയൻ എണ്ണക്കപ്പലിലെ രണ്ട് ഇറ്റാലിയൻ നാവികർ, ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിൽ (ഇഇസെഡ്) മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന മലയാളികളായ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്നിരുന്നു.