ഇടുക്കിയില്‍ ആറ് വയസുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതി പിടിയിൽ

ഇടുക്കി ആനച്ചാലില്‍ ആറ് വയസുള്ള കുട്ടിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ പ്രതിപിടിയില്‍. കൊല്ലപ്പട്ട അല്‍ത്താഫിന്റെ അമ്മയുടെ സഹോരിയുടെ ഭര്‍ത്താവ് മുഹമ്മദ് ഷാന്‍ ആണ് പിടിയിലായത്. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ ഇയാളെ മുതുവാന്‍കുടിയില്‍ നിന്നാണ് പിടികൂടിയത്. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മുഹമ്മദ് ഷാന്‍ ചുറ്റികയുമായി വീട്ടിലെത്തി അല്‍ത്താഫിനേയും അമ്മയേയും മുത്തശ്ശിയേയും ആക്രമിച്ചു. തുടര്‍ന്ന് അല്‍ത്താഫിന്റെ സഹോദരിക്ക് നേരെ തിരിഞ്ഞപ്പോള്‍ കുട്ടി വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സമീപത്തെ വീട്ടിലേക്ക് ഓടിപ്പോയതുകൊണ്ട് മാത്രമാണ് അല്‍ത്താഫിന്റെ സഹോദരി രക്ഷപ്പട്ടത്. കുടുംബപ്രശ്‌നം സംബന്ധിച്ച കേസ് വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്.

സമീപത്തെ ഒരു വീട്ടിലെത്തിയ പെണ്‍കുട്ടി മുഹമ്മദ് ഷാന്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് വിവരിച്ചു. എല്ലാവരേയും കൊന്നെന്നും സാക്ഷി പറയാതിരിക്കാന്‍ നിന്നേയും കൊല്ലുമെന്നും ഷാന്‍ പറഞ്ഞപ്പോഴാണ് രക്ഷപെട്ട് ഓടിയതെന്ന് കുട്ടി അയല്‍ക്കാരോട് പറഞ്ഞു. കുട്ടിയെ വീട്ടില്‍തന്നെ ഇരുത്തിയ ശേഷം അയല്‍വാസികളും നാട്ടുകാരും സംഭവം നടന്ന വീട്ടിലേക്ക് എത്തിയപ്പോഴേക്കും എല്ലാവരേയും അടിയേറ്റ് വീണ നിലയിലാണ് കാണാന്‍ കഴിഞ്ഞത്. കുട്ടി മരിച്ചെങ്കിലും അമ്മയ്ക്കും മുത്തശ്ശിക്കും ജീവനുണ്ടായിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.