നിസ്സാരമല്ല കുട്ടികളിലെ മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം; സൂക്ഷിക്കണം ഈ ലക്ഷണങ്ങൾ

 

കോവി‍ഡ് 19 മഹാമാരിയുടെ ആരംഭകാലം മുതല്‍ കുട്ടികളില്‍ കൊറോണ വൈറസ് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു വരികയാണ്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ കോവി‍ഡ് അണുബാധ തീവ്രമാകാനും അവര്‍ മരണപ്പെടാനുമുള്ള സാധ്യത കുറവാണെന്ന് പല പഠനങ്ങളും തെളിയിച്ചു. എന്നാല്‍ കോവിഡ് ബാധിതരായ കുട്ടികളില്‍ പിന്നീട് വരാവുന്ന മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം(MIS-C) എന്ന രോഗാവസ്ഥ ആശങ്ക പരത്തുന്ന ഒന്നാണ്. തീവ്രമല്ലാത്ത രോഗലക്ഷണങ്ങളോടെയും രോഗലക്ഷണങ്ങളൊന്നും ഇല്ലാതെയും കോവിഡ് വന്ന കുട്ടികളില്‍ പോലും അപൂര്‍വമായി വിവിധ അവയവങ്ങളെ തകരാറിലാക്കുന്ന ഈ രോഗം വരാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം മെയില്‍ MIS-C ബാധിച്ച 18 കേസുകള്‍ കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്യുകയും അതിലൊരാള്‍ മരണപ്പെടുകയും ചെയ്തു. ഇവരില്‍ പലരും കോവിഡ് പരിശോധനയില്‍ നെഗറ്റീവ് കാണിച്ചെങ്കിലും രോഗബാധ വന്നു പോയതിനെ സൂചിപ്പിക്കുന്ന ആന്‍റിബോഡികളുടെ പരിശോധനയില്‍ പോസിറ്റീവായി. ഇത് വളരെ അപൂര്‍വമായി കുട്ടികളില്‍ പ്രത്യക്ഷപ്പെടുന്ന രോഗമാണെന്ന് അമേരിക്കയിലെയും യുകെയിലെയുമൊക്കെ ആരോഗ്യ റെക്കോര്‍ഡുകള്‍ ചൂണ്ടിക്കാണിക്കുന്നു. 0.1-0.3 ശതമാനം കുട്ടികളിലാണ് കോവിഡിനെ തുടര്‍ന്ന് MIS-C കണ്ടെത്തിയതെന്ന് യൂറോപ്യന്‍ ആരോഗ്യ രേഖകള്‍ പറയുന്നു. അമേരിക്കയില്‍ നടന്ന ഒരു പഠനവും .05 ശതമാനത്തിന് താഴെയാണ് ഈ രോഗത്തിന്‍റെ സാധ്യതയെന്ന് ചൂണ്ടിക്കാട്ടി.

കോവിഡിനോടുള്ള പ്രതികരണത്തിന്‍റെ ഭാഗമായി ശരീരത്തിലുണ്ടാകുന്ന ആന്‍റിബോഡികള്‍ ശരീരത്തിലെ തന്നെ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ച് നീര്‍ക്കെട്ടും അണുബാധയുമുണ്ടാക്കുന്ന സാഹചര്യമാണ് MIS-C . യഥാര്‍ഥ കോവിഡ് അണുബാധയ്ക്ക് ശേഷം നാലാഴ്ചകള്‍ക്ക് ശേഷമാണ് MIS-Cന്‍റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുക.

കോവിഡ് ബാധിതനായ ഒരു കുട്ടിക്ക് ഏതാനും ആഴ്ചകള്‍ക്ക് ശേഷം പനിയോടൊപ്പം വയര്‍വേദന, ഛര്‍ദ്ദി, അതിസാരം, രക്തമയമാര്‍ന്ന കണ്ണുകള്‍, തിണര്‍പ്പ്, തലകറക്കം, തലയ്ക്ക് ഭാരം കുറവ് പോലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്. ഒരു കൃത്യമായ തെറാപ്പി MIS-Cന് വികസിപ്പിച്ചിട്ടില്ലെങ്കിലും കോര്‍ട്ടികോസ്റ്റിറോയ്ഡ്, ഞരമ്പിലൂടെ നല്‍കുന്ന ഇമ്മ്യൂണോഗ്ലോബുലിനുകള്‍ എന്നിവ ഉപയോഗിച്ചാണ് രോഗികളെ ചികിത്സിക്കുന്നത്. കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കുന്നത് MIS-C യുടെ സാധ്യതകളും കാര്യമായി കുറയ്ക്കുമെന്ന് ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.