ഔട്ടായി തിരിഞ്ഞുനടന്ന മിച്ചൽ മാർഷിന്റെ തോളിൽ കയറി ആഘോഷം; ചിരിപ്പിച്ച് ക്രിസ് ഗെയ്ൽ

 

ക്രിക്കറ്റിലെ ഏറ്റവും മികച്ച എന്റർടെയ്‌നറാണ് ക്രിസ് ഗെയ്ൽ. മൈതാനത്തിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ കാണികളെ രസിപ്പിക്കാൻ കൂടിയുള്ളതായിരിക്കും. വെടിക്കെട്ട് ബാറ്റിംഗും ഫീൽഡിംഗ് സമയത്തെ നൃത്തവുമെല്ലാം ഗെയ്‌ലിന്റെ മാത്രം ചില നമ്പറുകളാണ്.

ശനിയാഴ്ച ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ വ്യത്യസ്തമായ രീതിയിൽ വിക്കറ്റ് വീഴ്ച ആഘോഷിച്ചാണ് ഗെയ്ൽ ഞെട്ടിച്ചത്. തന്റെ പന്തിൽ ഔട്ടായ മിച്ചൽ മാർഷിന്റെ തോളിൽ തൂങ്ങിയായിരുന്നു ഗെയ്‌ലിന്റെ ആഘോഷം. ഇത് ഔട്ടായി പോകുകയായിരുന്ന മിച്ചൽ മാർഷിനെ വരെ ചിരിപ്പിക്കുകയും ചെയ്തു.

രാജ്യാന്തര ക്രിക്കറ്റിൽ നിന്നും താൻ വിരമിക്കുകയാണെന്ന സൂചനകൾ ഗെയ്ൽ ഇന്നലെ ബാറ്റിംഗിന് ഇറങ്ങുമ്പോൾ തന്നെ നൽകിയിരുന്നു. സഹതാരങ്ങൾക്ക് ഷേക്ക് ഹാൻഡ് നൽകിയാണ് അദ്ദേഹം ബാറ്റിംഗിന് ഇറങ്ങിയത്. ഔട്ടായി തിരികെ എത്തുമ്പോൾ കാണികൾക്ക് നേരെ ബാറ്റ് വീശി അഭിവാദ്യം അർപ്പിക്കുകയും ചെയ്തിരുന്നു.

ഇതിന് ശേഷമാണ് ഫീൽഡിംഗ് സമയത്തെ രസക്കാഴ്ചയും പിറന്നത്. ഓസ്‌ട്രേലിയ വിജയമുറപ്പിച്ചതിന് ശേഷമായിരുന്നു നായകൻ പൊള്ളാർഡ് ഗെയ്‌ലിന് പന്ത് ഏൽപ്പിച്ചത്. ഓവറിലെ അവസാന പന്തിൽ മാർഷിനെ അദ്ദേഹം പുറത്താക്കുകയും ചെയ്തു. അഭിനന്ദിക്കാൻ ഓടിയെത്തിയ സഹതാരങ്ങളെ ശ്രദ്ധിക്കാതെ ഗെയിൽ നേരെ പോയത് ഡ്രസിംഗ് റൂമിലേക്ക് നടക്കുകയായിരുന്ന മിച്ചൽ മാർഷിന്റെ സമീപത്തേക്കാണ്. ചിരിച്ചു കൊണ്ട് മാർഷിന്റെ തോളിൽ ചാടിക്കയറുകയും ചുറ്റിപ്പിടിക്കുകയുമായിരുന്നു.