കോഴിക്കോട് മന്ത്രവാദ ചികിത്സക്കിടെ വനിതാ ഡോക്ടറുടെ 45 പവൻ സ്വർണവും തട്ടിയെടുത്ത് ഉസ്താദ് മുങ്ങി. ഡോക്ടറുടെയും കുടുംബത്തിന്റെയും ഐശ്വര്യത്തിന് എന്ന പേരിലാണ് ഇയാൾ മന്ത്രവാദ ചികിത്സ നടത്തിയത്. ഫറോക്ക് സ്വദേശിനിയായ ഡോക്ടറുടെ പരാതിയിൽ മലപ്പുറം സ്വദേശി കോയ ഉസ്ദാത്, ഇയാളുടെ രണ്ട് സഹായികൾ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു
തട്ടിപ്പ് നടത്തിയവരുടെ പൂർണവിവരങ്ങൾ വനിതാ ഡോക്ടർക്കുമറിയില്ല. പരാതിക്കാരി നൽകിയ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഉസ്താദും സഹായികളും നിലവിൽ ഒളിവിലാണ്. പരീക്ഷണമെന്ന നിലക്കാണ് ഐശ്വര്യ ചികിത്സ നടത്തിയതെന്ന് വനിതാ ഡോക്ടർ പറയുന്നു
ചികിത്സാ കേന്ദ്രത്തിലെ അലമാരയിൽ ഡോക്ടറുടെയും കുടുംബാംഗങ്ങളുടെയും സ്വർണാഭരണങ്ങൾ ഊരിവെക്കാൻ ഇയാൾ നിർദേശിക്കുകയായിരുന്നു. ഒരു മാസം കഴിഞ്ഞ് തിരിച്ചെടുക്കാമെന്ന വാക്കിൻമേലായിരുന്നു സ്വർണം അലമാരയിൽ സൂക്ഷിച്ചത്. എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും സ്വർണം തിരിച്ചുകിട്ടാതായതോടെ അലമാര പരിശോധിച്ചപ്പോഴാണ് ഇവ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. അപ്പോഴേക്കും ഉസ്താദും സംഘവും ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു.