രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. ഏതാനും ദിവസങ്ങളിലെന്ന പോലെ തന്നെ കഴിഞ്ഞ 24 മണിക്കൂറിനിടയിലെ പ്രതിദിന വർധനവ് അരലക്ഷം കവിഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 52,972 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 18,03,696 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 771 പേരാണ് മരിച്ചത്. ആകെ കൊവിഡ് മരണങ്ങൾ 38,135 ആയി. 11,86,203 പേർ രോഗമുക്തി നേടി. നിലവിൽ 5,79,,357 പേരാണ് ചികിത്സയിൽ കഴിയുന്നത്.
മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം 9926 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 260 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 15576 ആയി ഉയർന്നു. കർണാടകയിലും തമിഴ്‌നാട്ടിലും അയ്യായിരത്തിലേറെ പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്