കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിക്കാൻ ഇടയായ സംഭവത്തിൽ കേരളത്തിലും ജാഗ്രത. പരാതിക്ക് ഇടയാക്കിയ കോൾഡ്രിഫ് സിറപ്പിന്റെ സാമ്പികളുകൾ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചു. 170ബോട്ടിലുകളാണ് കേരളത്തിൽ നിന്ന് ശേഖരിച്ചത്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ മേഖലകളിൽ നിന്നാണ് ഇത് ശേഖരിച്ചത്.
അപകടമുണ്ടാക്കിയതായി കരുതുന്ന എസ്.ആർ 13 ബാച്ച് കേരളത്തിൽ വിൽപനയ്ക്ക് എത്തിച്ചിട്ടില്ലെന്നാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ നിഗമനം. കോൾഡ്രിഫിന്റെ വിൽപന പൂർണമായി സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. ഇതിന്റെ ഒരു ബാച്ചും ഇനി വിൽക്കാനോ പുതിയ സ്റ്റോക്കെടുക്കാനോ പാടില്ല.
ഈ കഫ് സിറപ്പിന്റെ വിൽപന തടയാനായി ആശുപത്രി ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും നടത്തുന്ന പരിശോധനയും തുടരും.സംസ്ഥാനത്ത് വില്പന നടത്തുന്ന എല്ലാ ചുമമരുന്നുകളിലും ഡ്രഗ്സ് കൺട്രോൾ വിഭാഗം നിരീക്ഷണം കർശനമാക്കി. 52 മരുന്നുകളുടെ സാമ്പിളുകൾ സംസ്ഥാന ഡഗ് കൺട്രോളർ വകുപ്പ് പരിശോധനയ്ക്കായി ശേഖരിച്ചു. കേരളത്തിൽ നിർമിക്കുന്ന അഞ്ച് ബ്രാൻഡുകളുടെയും സാമ്പിളുകൾ വകുപ്പിന്റെ വിവിധ ലാബുകളിൽ ഇത് പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും. അനുവദിനീയമായതിലും അധികം ഡൈഎത്തിലീൻ ഗ്ലൈക്കോൾ സിറപ്പിലുണ്ടോ എന്നാണ് പരിശോധിക്കുന്നത്.