വത്തിക്കാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നു. മാർപാപ്പയുടെ സ്വകാര്യ ലൈബ്രറിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ട്. മാർപാപ്പയെ സന്ദർശിച്ച ശേഷം വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയത്ര പരോളിൻ ഉൾപ്പെട്ട പ്രതിനിധി സംഘവുമായി മോദി കൂടിക്കാഴ്ച നടത്തും.
ജി20 ഉച്ചകോടിയുടെ ഭാഗമായി ഒക്ടോബർ 29 നാണ് മോദി ഇറ്റലിയിലെത്തിയത്. ഒക്ടോബർ 31 വരെ അദ്ദേഹം ഇറ്റലിയിലുണ്ടാവും. മാർപാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കുമെന്ന് സൂചനയുണ്ട്. വത്തിക്കാനിൽ മാർപാപ്പയെ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
ജവഹർ ലാൽ നെഹ്റു, ഇന്ദിരാഗാന്ധി, ഐകെ ഗുജ്റാൾ, എബി വാജ്പേയ് എന്നിവരാണ് മുമ്പ് മാർപാപ്പയെ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രിമാർ.ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഒടുവിലായി ഇന്ത്യ സന്ദർശിച്ചത്. 1999 ലായിരുന്നു ഈ കൂടിക്കാഴ്ച. അന്ന് എബി വാജ്പേയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വലിയ സ്വീകരണമായിരുന്നു അദ്ദേഹത്തിന് നൽകിയത്.