മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുര്‍മുഖ് സിംഗ് ബാലി അന്തരിച്ചു

 

ഷിംല: ഹിമാചല്‍പ്രദേശ് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുര്‍മുഖ് സിംഗ് ബാലി അന്തരിച്ചു. ഡല്‍ഹി എയിംസില്‍ വച്ചായിരുന്നു അന്ത്യം. 67 വയസായിരുന്നു.

1954 ജൂലൈ 27 ന് കാന്‍ഗ്രയിലാണ് ബാലിയുടെ ജനനം.1998, 2003, 2007, 2012 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നാല് തവണ നഗ്രോട്ട ബഗ്വാനില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഭക്ഷ്യ വിതരണ, ഗതാഗത, സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ഠിച്ചു.

1990 മുതല്‍ 1997 വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിചാര്‍ മഞ്ചിന്റെ കണ്‍വീനറായിരുന്നു.1995 മുതല്‍ 1998 വരെ കോണ്‍ഗ്രസ് സേവാദള്‍ പ്രസിഡന്റായും 1993 മുതല്‍ 1998 വരെ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

ഞായറാഴ്ച ചാമുണ്ഡധാമില്‍ സംസ്‌കാരം നടത്തുമെന്നു കുടുംബവൃത്തങ്ങള്‍ അറിയിച്ചു.