Headlines

മുംബൈയില്‍ ബംഗ്ലാദേശി പെണ്‍കുട്ടിക്ക് നേരെ ക്രൂരത; 12 വയസുകാരിയെ 3 മാസത്തിനിടെ ലൈംഗികമായി ചൂഷണം ചെയ്തത് 220 പേര്‍

മുംബൈയില്‍ പന്ത്രണ്ട് വയസുകാരിയായ ബംഗ്ലാദേശി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. മൂന്നുമാസത്തിനിടയില്‍ 220ലേറെ പേരാണ് കുട്ടിയെ പീഡിപ്പിച്ചത്. മുംബൈയ്ക്കടുത്ത് വസിയിലാണ് സംഭവം. കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണത്തിലാണ്. കുട്ടിയെ രക്ഷിക്കാന്‍ നിര്‍ണായക ഇടപെടല്‍ നടത്തിയത് മുംബൈയിലെ മലയാളി സാമൂഹ്യപ്രവര്‍ത്തകനായ ബിനു വര്‍ഗീസ് ആണ്. ബംഗ്ലാദേശികള്‍ അടങ്ങിയ സംഘത്തില്‍ നിന്ന് കുട്ടിയെ മോചിപ്പിക്കാന്‍ നിര്‍ണായക വിവരങ്ങള്‍ ബിനു പൊലീസിന് കൈമാറുകയായിരുന്നു. ഈ റാക്കറ്റില്‍ മറ്റൊരു സ്ത്രീയുമുണ്ടായിരുന്നുവെന്നും ബംഗ്ലാദേശ് സ്വദേശികളായ ഇവരുടെ കൈയില്‍ പാസ്‌പോര്‍ട്ടും ആധാറും ഉള്‍പ്പെടെയുള്ള രേഖകള്‍ ഉണ്ടായിരുന്നുവെന്നും ബിനു വര്‍ഗീസ് പറഞ്ഞു

ബംഗ്ലാദേശില്‍ നിന്ന് പെണ്‍കുട്ടി മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യയിലെത്തിയതെന്നാണ് വിവരം. കുട്ടി പരീക്ഷയില്‍ ചില വിഷയങ്ങള്‍ക്ക് പരാജയപ്പെട്ടതോടെ വീട്ടുകാര്‍ ശിക്ഷിക്കുമെന്ന ഭയത്താല്‍ പരിചയക്കാരിയായ ഒരു സ്ത്രീയ്ക്കടുത്ത് അഭയം തേടുകയായിരുന്നു. ഇവര്‍ കുട്ടിയെ രഹസ്യമായി ഇന്ത്യയിലേക്ക് കടത്തുകയും വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയുമായിരുന്നു.

സംഭവത്തില്‍ ഇതുവരെ 10 പേരാണ് അറസ്റ്റിലായിരിക്കുന്നത്. എക്‌സോഡസ് റോഡ് ഇന്ത്യ ഫൗണ്ടേഷന്‍, ഹാര്‍മണി ഫൗണ്ടേഷന്‍ എന്നീ എന്‍ജിഒകളുടെ സഹായത്തോടെ മീര-ഭായന്ദര്‍ വസായ്-വിരാര്‍ (എംബിവിവി) പൊലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റാണ് പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. കൂടുതല്‍ പേര്‍ ഈ റാക്കറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും റാക്കറ്റിന്റെ എല്ലാ കണ്ണികളേയും ജയിലിലടയ്ക്കുമെന്നും പൊലീസ് കമ്മീഷണര്‍ നികേത് കൗശിക് വ്യക്തമാക്കി.