കോഴിക്കോട്: വെളളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളേയും കണ്ടെത്തി. നാല് പെണ്‍കുട്ടിയെ മലപ്പുറം ജില്ലയിലെ എടക്കരയില്‍ നിന്നാണ് കണ്ടെത്തിയത്. ഒരു പെണ്‍കുട്ടിയെ ബെംഗളൂരുവില്‍ നിന്ന് ഇന്നലേയും ഒരു പെണ്‍കുട്ടിയെ ഇന്ന് പുലര്‍ച്ചെ മാണ്ഡ്യയില്‍ നിന്നും കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് ഒളിക്കുന്നതിനും യാത്രക്കും സഹായം നൽകിയവരെ കണ്ടെത്താനുള്ള ശ്രമം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ ബെംഗളൂരുവില്‍ നിന്ന് മുങ്ങിയ നാല് പെണ്‍കുട്ടികള്‍ ട്രെയിന്‍ മാര്‍ഗം പാലക്കാട് എത്തുകയായിരുന്നു. ഇവിടെ നിന്ന് ബസ് മാര്‍ഗമാണ് എടക്കരയിലെത്തിയത്. ഇവിടെ നിന്നും ബസ് മാര്‍ഗം എടക്കരയിലെത്താനായിരുന്നു ശ്രമം. പെണ്‍കുട്ടികള്‍ എടക്കര പോലീസ് സ്‌റ്റേഷനിലാണുള്ളത്. ഇവരെ ഉടന്‍ കോഴിക്കോട് എത്തിക്കും. കുട്ടികളെ ബെംഗളൂരുവിലെത്താന്‍ സഹായിച്ചതിന് പോലീസ് കസ്റ്റഡിയിലുള്ള രണ്ട് യുവാക്കളേയും കോഴിക്കോട് എത്തിക്കും.
സ്വകാര്യ ബസില്‍ കോഴിക്കോട്ടേക്ക് വരുന്നതിനിടെയാണ് സംഘത്തിലെ ഒരു പെണ്‍കുട്ടി ഇന്ന് പുലര്‍ച്ചയോടെ മണ്ഡ്യയില്‍ നിന്ന് പിടിയിലായത്. ബസ് ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ പെണ്‍കുട്ടി നല്‍കിയ ഫോണ്‍ നമ്പര്‍ അമ്മയുടേതായിരുന്നു. ഇതുപ്രകാരം എവിടുന്നാണ് കയറുന്നതെന്ന് അറിയാന്‍ ബസ് ജീവനക്കാര്‍ വിളിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മയാണ് ഫോണ്‍ എടുത്തത്. അമ്മ പറഞ്ഞത് പ്രകാരം കാര്യങ്ങള്‍ മനസ്സിലാക്കിയ ബസ് ജീവനക്കാര്‍ വിവരം പോലീസിന് കൈമാറി. തുടര്‍ന്ന് പെണ്‍കുട്ടി ബസില്‍ കയറുകയും മണ്ഡ്യയില്‍വെച്ച് പോലീസ് ബസ് തടഞ്ഞ് കുട്ടിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കോഴിക്കോട് നിന്ന് ട്രെയിന്‍ മാര്‍ഗം ബെംഗളൂരുവിലെത്തി മടിവാളയിലെ ഹോട്ടലില്‍ മുറിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് പെണ്‍കുട്ടികളില്‍ ഒരാള്‍ ഇന്നലെ പിടിയിലായത്. രണ്ട് ദിവസം മുമ്പ് വൈകീട്ടോടെയാണ് കുട്ടികളെ കാണാതായ വിവരം പുറത്തറിഞ്ഞത്. അടുക്കളയുടെ ഭാഗത്തെ മതിലില്‍ ഏണി ചാരിയാണ് ഇവര്‍ പുറത്തേക്ക് കടന്നതെന്നാണ് വിവരം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമായിരുന്നു നേരത്തെ ഇവരെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്.